ഭോപ്പാല്‍- വിദ്യാര്‍ഥികള്‍ വാര്‍ഷാവസാന പരീക്ഷ എഴുതുമ്പോള്‍ സ്‌കൂള്‍ നൃത്ത പരിപാടിക്ക് വേദിയാക്കിയത് വിവാദമായി. മധ്യപ്രദേശിലെ തികാംഗഡ് സ്‌കൂളിലാണ് ബി.ജെ.പി എം.എല്‍.എ പങ്കെടുത്ത സാംസ്‌കാരിക പരിപാടിയും എം.എല്‍.എ കപ്പ് ടൂര്‍ണമെന്റും അരങ്ങേറിയത്.
കുട്ടികള്‍ തറയിലിരുന്ന് പരീക്ഷ എഴുതുമ്പോഴാണ് സ്‌കൂള്‍ സ്റ്റേജില്‍ ഹരിയാന്‍വി നര്‍ത്തകിമാര്‍ നൃത്തം ചെയ്തതും എം.എല്‍.എയടക്കമുള്ളവര്‍ ആസ്വദിച്ചതും. അന്തരിച്ച നേതാവിന്റെ അനുസ്മരണത്തിന്റെ പേരിലായിരുന്നു ചടങ്ങ്.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ.കെ. മിശ്ര ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തോട് ബി.ജെ.പി പുലര്‍ത്തുന്ന നിലപാടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജീവനില്‍ കൊതിയുള്ളതിനാല്‍ ഇതിനെതിരെയൊന്നും ആരും രംഗത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി മന്ത്രി ഹിതേഷ് ബാജ്‌പൈ പറഞ്ഞു.