ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടി; സൗദിയുമായി ഇനിയും കരാറായില്ല

ന്യൂദല്‍ഹി- ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക അനുമതി ലഭിക്കുന്ന വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫി സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.


നേരത്തെ ഒക്ടോബര്‍ 31 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഡി.ജി.സി.എ നീട്ടിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്. പിന്നീട് പല രാജ്യങ്ങളുമായും എയര്‍ ബബിള്‍ കരാറുകളുണ്ടാക്കി വിലക്കില്‍ ഇളവു വരുത്തി.

സൗദിയുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കാനുള്ള നീക്കം എവിടെയുമെത്തിയില്ല. ഇന്ത്യക്കും സൗദിക്കുമിടയില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തില്‍ ഇന്ത്യന്‍ വിദേശ മന്ത്രി സൗദി വിദേശമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.  


വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിുരന്നു.

 

 

Latest News