ദല്‍ഹി കലാപത്തില്‍ പങ്ക്: ഫെയ്‌സ്ബുക്ക് പ്രതിനിധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിനു മുന്നോടിയായി വര്‍ഗീയ വിധ്വേഷവും വ്യാജ പ്രചരണങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ സമൂഹ മാധ്യമങ്ങളുടെ പങ്ക് അന്വേഷിക്കുന്ന ദല്‍ഹി നിയമസഭാ സമിതി ഫെയ്‌സ്ബുക്ക് പ്രതിനിധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ബന്ധപ്പെട്ട മുതിര്‍ന്ന പ്രതിനിധി സമിതി മുമ്പാകെ ഹാജരാകണമെന്നാണ് ഫെയ്‌സ്ബുക്കിന് അയച്ച സമന്‍സില്‍ എഎപി എംഎല്‍എ രാഘവ് ചദ്ധ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ നിയമസഭാ സമിതി ഈ ആവശ്യം ഉന്നയിച്ച് ഫെയ്‌സ്ബുക്കിന് അയച്ച സമന്‍സ് കമ്പനി അവഗണിക്കുകയും ഈ സിമിതിക്ക് തങ്ങളെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദല്‍ഹി നിയമസഭാ സമിതിക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാല്‍ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച് മറുപടി പറയാന്‍ കമ്പനിയെ നിര്‍ബന്ധിക്കരുതെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് സമിതി വീണ്ടും ഫെയ്‌സ്ബുക്കിന് സമന്‍സ് അയച്ചിരിക്കുന്നത്. 

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷവും അക്രമവും സമിതി അന്വേഷിച്ചു വരികയാണ്. മത, ഭാഷാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമിടയിലെ സംഘര്‍ഷം ലഘൂകരിച്ച് സമാധാനന്തരീക്ഷവും സൗഹാര്‍ദവും നിലനിര്‍ത്താനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുകയാണ് സമിതിയുടെ ലക്ഷ്യം.

Latest News