അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട വാദി അല്‍അഖീഖില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ ഡ്രൈവറെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ശക്തമായ ഒഴുക്കില്‍ പെട്ടത്. ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
അതേസമയം, നിറഞ്ഞൊഴുകുന്നതിനിടെ വാഹനങ്ങളില്‍ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മലവെള്ളപ്പാച്ചിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ജീവന്‍ അപകടത്തിലാക്കും. ഇത് പതിനായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനവുമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍മാര്‍ ശക്തമായ ഒഴുക്കില്‍ പെട്ട് അപകടങ്ങളില്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വാണിംഗ് വീഡിയോ സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. 'സാഹസികത കാണിക്കരുത്.....അടുത്ത ഇരയായി മാറാതിരിക്കാന്‍' എന്ന ശീര്‍ഷകത്തിലാണ് സിവില്‍ ഡിഫന്‍സ് വീഡിയോ പ്രചരിപ്പിച്ചത്.