Sorry, you need to enable JavaScript to visit this website.

വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് തലകീഴായി തൂക്കി ഭീഷണിപ്പെടുത്തി; പ്രധാനധ്യാപകന്‍ അറസ്റ്റില്‍

ലഖ്‌നൗ- സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ  തലകീഴായി താഴേക്ക് തുക്കി പിടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പ്രധാനധ്യാപകന്‍ അറസ്റ്റിലായി. മിര്‍സാപൂരിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ രംഗം. വികൃതി കാട്ടിയെന്നാരോപിച്ചാണ് പ്രധാനധ്യാപകന്‍ മനോജ് വിശ്വകര്‍മ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവിനെ തലകീഴായി പിടിച്ച് അപകടകരമായ രീതിയില്‍ താഴേക്കിടുന്ന രീതിയില്‍ തൂക്കിയിട്ട് ഭീഷണിപ്പെടുത്തിയത്. സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികളെല്ലാം കളിക്കുന്നതിനിടെ മറ്റൊരു വിദ്യാര്‍ത്ഥിയെ കടിച്ചതിന് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയാണ് അധ്യാപകന്റെ ഈ ക്രൂരത.

കടിച്ച സംഭവമറിഞ്ഞ് രോഷാകുലനായ അധ്യാപകന്‍ സോനുവിനെ പിടിച്ചുവലിച്ച് സ്‌കൂളിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. തലകീഴായി താഴേക്ക് തൂക്കിപിടിച്ചതോടെ ഭയന്ന് നിലവിളിച്ചു. സംഭവം കണ്ട് കുട്ടികളെല്ലാം ഓടിക്കൂടിയതോടെ അധ്യാപകന്‍ സോനുവിനെ നിലത്ത് തന്നെ വെക്കുകയായിരുന്നു. സോനുവിനെ ശരിയാക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ അധ്യാപകന്‍ പോലീസിനോട് പറഞ്ഞു. 

അതേസമയം സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് രഞ്ജിത് യാദവ് പറഞ്ഞു. അധ്യാപകന്‍ ചെയ്തത് തെറ്റാണെങ്കിലും അത് സ്‌നേഹം കൊണ്ട് ചെയ്തതാണെന്നും തങ്ങള്‍ക്ക് പ്രശ്‌നങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. 'സോനു വികൃതിക്കുട്ടിയാണ്. അവന്‍ കുട്ടികളേയും അധ്യാപകരേയും കടിക്കും. അവനെ ശരിയാക്കിയെടുക്കാന്‍ അവന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് അവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. പേടിപ്പിക്കാന്‍ മാത്രമാണ് മുകള്‍ നിലിയില്‍ നിന്ന് തലകീഴായി താഴേക്ക് തുക്കിപ്പിടിച്ചത്'- അറസ്റ്റിലായ അധ്യാപകന്‍ പറഞ്ഞു.
 

Latest News