Sorry, you need to enable JavaScript to visit this website.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തിയേക്കും

തിരുവനന്തപുരം- ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്‍പേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത. ഇഡി കേസില്‍ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം വിശദീകരണം. മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. നേരത്തെ, ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനഞ്ഞതും കുറ്റമറ്റരീതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും കോടിയേരിയായിരുന്നു. സീറ്റുവിഭജനത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.അര്‍ബുദരോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോള്‍ പൂര്‍ണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചു പണി വരുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌
 

Latest News