ലഖ്‌നൗ- കഴിഞ്ഞ പത്ത് മാസത്തിനിടെ 1100-ലേറെ ഏറ്റുമുട്ടലുകള്‍ നടന്ന ഉത്തര്‍പ്രദേശില്‍ പോലീസിന്റെ കള്ളറിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഒരു കുറ്റവാളി രംഗത്ത്. ബാരാബങ്കിയില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റുവെന്ന് പോലീസ് പറയുന്ന കുറ്റവാളിയാണ് സംഭവത്തിനു രണ്ടുദിവസം മുമ്പ് തന്നെ താന്‍ അറസ്റ്റിലായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
ബാരാബങ്കി ജില്ലയില്‍ നടന്ന ഏറ്റമുട്ടലിനൊടുവില്‍ മൂന്ന് ക്രിമിനലുകളെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞ കൊടും കുറ്റവാളി അന്‍ഷു പ്രഭാകറാണ് പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യുന്നത്.
ഏറ്റുമുട്ടല്‍ നടന്നുവെന്ന പറയുന്ന തീയതിക്കും രണ്ടു ദിവസം മുമ്പാണ് തന്നെയും മറ്റൊരാളേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു. രണ്ടാമനേയും ഏറ്റുമുട്ടലില്‍ പിടിച്ചുവെന്നാണ് പോലീസ് ഭാഷ്യം. താന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെന്നും ഏറ്റുമുട്ടല്‍ നടന്നതായി പറയുന്നതിന്റെ തലേന്നാള്‍ രാത്രി 10 മണിക്ക് ഭക്ഷണം തന്നിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ ഞങ്ങളെ ഒരു പാലത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് എന്നേയും മറ്റൊരാളേയും വെടിവെച്ചത്- സൂറത്ത്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന പുഷ്പാകര്‍ പറഞ്ഞു.
കിസാന്‍ റാലിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് റോന്ത് ചുറ്റുന്നതിനിടയില്‍ ക്രിമിനലുകള്‍ തങ്ങള്‍ക്കെതിരെ നിറയൊഴിച്ചുവെന്നാണ് പോലീസിന്റെ വിശദീകരണം. തിരിച്ചുവെടിവെച്ചശേഷം ക്രിമിനലുകളില്‍ മൂന്ന് പേരെ പിടികൂടാന്‍ കഴിഞ്ഞുവെന്നും ദൗര്‍ഭാഗ്യവശാല്‍ ഒരാള്‍ രക്ഷപ്പെട്ടുവെന്നും അവര്‍ പറയുന്നു. മോഷ്ടിച്ച ഒരു കാര്‍, നാടന്‍ തോക്ക് എന്നിവ പിടിച്ചെടുത്തതായും ഇവര്‍ അന്തര്‍ സംസ്ഥാന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് വെളിപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, പോലീസുകാരായ അങ്കിത് കുമാര്‍, രാഹുല്‍ വര്‍മ എന്നിവര്‍ക്ക് പരിക്കേറ്റതായും ബാരാബങ്കി പോലീസ് സൂപ്രണ്ട് അനില്‍കുമാര്‍ സിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ക്രിമിനലുകളോട് കീഴടങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലീസ് ഓപ്പറേഷന്‍ ക്ലീന്‍ നടപടി ആരംഭിച്ചത്. 2017 മാര്‍ച്ച് 20 മുതല്‍ 2018 ജനുവരി 31 വരെ 1142 ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് യു.പി പോലീസ് പുറത്തുവിട്ട കണക്ക്.
പ്രമോഷന്‍ ലക്ഷ്യമിട്ട് ഒരു പോലീസ് ഓഫീസര്‍ ഈയിടെ ഒരു ജിംനേഷ്യം ഉടമക്ക് നേരെ നിറയൊഴിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടല്‍ വിവാദമായി. സുമിത് ഗുര്‍ജാര്‍ എന്നയാളെ വെടിവെച്ചതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടലുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് 1991 ല്‍ നടന്ന പിലിഭിറ്റ് വ്യാജ ഏറ്റുമുട്ടല്‍ കൊല ആവര്‍ത്തിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ല്‍ പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞ പിലിഭിറ്റ് കേസില്‍ 12 പേരെകൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 47 പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തീര്‍ഥയാത്ര കഴിഞ്ഞ് ബസില്‍ മടങ്ങിയവരില്‍നിന്നാണ് ഇവരെ പിടിച്ചു കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.
സംസ്ഥാനത്ത് പോലീസിനെ കയറൂരിവിട്ടതിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. നോയിഡയില്‍ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ക്രിമിനലുകള്‍ക്ക് മുഖ്യമന്ത്രി യോഗി താക്കീത് നല്‍കിയെങ്കിലും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.