Sorry, you need to enable JavaScript to visit this website.

ഊബർ ഡ്രൈവർമാർക്ക് നൽകാൻ അര ലക്ഷം ടെസ്‌ല  ഇലക്ട്രിക് കാറുകൾ 

ടെസ്‌ലയുടെ വൈദ്യുതി കാറുകൾ ഹെർട്‌സ് കമ്പനി വാങ്ങിക്കൂട്ടുന്നതിന്റെ ലക്ഷ്യം ഊബർ ഡ്രൈവർമാർ. 


അമേരിക്കയിൽ ഓൺലൈൻ ടാക്‌സി കമ്പനിയായ ഊബറിലെ ഡ്രൈവർമാർക്ക് വാടകക്ക് നൽകാനാണ് അര ലക്ഷത്തോളം ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ ഹെർട്‌സ് സ്വന്തമാക്കുന്നത്. നവംബർ ഒന്നു മുതൽ ഇവ ഡ്രൈവർമാർക്ക് നൽകിത്തുടങ്ങും. 
ലോസ്ആഞ്ചലസ്, സാൻഡിയാഗോ, സാൻഫ്രാൻസിസ്‌കോ, വാഷിംഗ്ടൺ ഡി.സി എന്നിവിടങ്ങളിലുള്ള ജോലിക്കാർക്ക് ആഴ്ചയിൽ 334 ഡോളർ വാടക നൽകി വാഹനങ്ങൾ ഏറ്റെടുക്കാം. ഇൻഷുറൻസും മെയിന്റനൻസും ഉൾപ്പെടുന്നതാണ് പാക്കേജ്. അധികം വൈകാതെ 299 ഡോളറായി കുറക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. 
150 ട്രിപ്പുകൾ ഓടിച്ചവരും 4.7 സ്റ്റാർ റേറ്റിംഗുമുളള ഡ്രൈവർമാർക്കാണ് തുടക്കത്തിൽ അർഹത. വരുന്ന ആഴ്ചകളിൽ തന്നെ അമേരിക്കയിൽ എല്ലായിടത്തേക്കും പദ്ധതി വ്യാപിപ്പിക്കും. 
ഹെർട്‌സുമായുള്ള ഇടപാട് പരിസ്ഥിതിക്കും ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിനും ഒരുപോലെ സഹായകമാണെന്ന് ഊബർ കമ്പനി പറയുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനു പുറമെ, ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ പരിചയപ്പെടാൻ ധാരാളം പേർക്ക് അവസരം ലഭിക്കുകയും ചെയ്യും. ഇന്ധന ചെലവ് ഡ്രൈവർമാർ നോക്കേണ്ടതില്ല. ഗ്രീൻ യാത്ര നടത്തുന്നവർക്ക് ഇൻസെന്റീവ് പദ്ധതിയും ഊബർ വാഗ്ദാനം ചെയ്യുന്നുണ്ട്. 
 

Latest News