Sorry, you need to enable JavaScript to visit this website.

വിപുല സാധ്യതകളുമായി കൊമേഴ്‌സ് പഠനം

കൊമേഴ്‌സ് മേഖലയിലെ സാധ്യതകൾ ഏതെല്ലാമാണെന്നും അവയിലേക്കുള്ള വഴികൾ എങ്ങനെ കണ്ടെത്താമെന്നുമുള്ള സംശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർഥികൾ ധാരാളമാണ്. കൊമേഴ്‌സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലി സാധ്യതകളും കരിയർ ഉയർച്ചക്കുള്ള സാധ്യതകളും കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവർക്ക് ഒട്ടേറെ വിപുലമായ അവസരങ്ങൾ മുന്നിൽ കാണാവുന്നതാണ്.  വ്യവസായ, വാണിജ്യ, സേവന മേഖലയിലെ ഏത് സംരംഭവും  ഫലപ്രദമായി ചലിപ്പിക്കുന്നതിന്   സ്ഥാപനത്തിന്റെ സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം വളരെ അനിവാര്യമാണ്.  കേവലമായി വരവു ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച  കാഴ്ചപ്പാടോടെ  ക്രയവിക്രയങ്ങളിൽ  ഇടപെടാനും സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവർക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ  സാധിക്കും.


കൊമേഴ്‌സ് പഠിക്കാനുദ്ദേശിക്കുന്നവർക്ക് കേരളത്തിലെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള  നിരവധി കോളേജുകളിൽ ബിരുദ തലത്തിൽ പഠിക്കാൻ അവസരമുണ്ട്. സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് കോളേജുകളിൽ പ്രവേശനത്തിന്  യൂനിവേഴ്‌സിറ്റിയുടെ കേന്ദ്രീകൃത അലോട്ട്‌മെന്റ് രീതിയിയിൽ പ്രവേശനം തേടാം. എന്നാൽ ഓട്ടോണമസ് കോളേജുകളിലെ പ്രവേശനത്തിന് കോളേജുകളിൽ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.    കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പാലക്കാട് വിക്ടോറിയ കോളേജിൽ നടത്തുന്ന ബി.കോം ഹോണേഴ്‌സ് പ്രോഗ്രാമിന്റെ പ്രവേശനം സർവകലാശാല  നടത്തുന്ന എൻട്രൻസ് വഴിയാണ്. പ്ലസ് ടുവിനു ഏത് സ്ട്രീമെടുത്തവർക്കും മിക്ക സ്ഥാപനങ്ങളിലും ബി.കോം പഠനത്തിനു പ്രവേശനം തേടാനാവും.


ബി.കോം പഠനത്തിനൊപ്പമോ അല്ലെങ്കിൽ പഠനം കഴിഞ്ഞോ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിൽ പരിശീലനം നേടിയാൽ ലോകത്തെമ്പാടും അവസരങ്ങൾ കണ്ടെത്താനാവും. കേരള സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ജി.എസ്.ടി) ശ്രദ്ധേയമായ ഒരു ഹ്രസ്വകാല കോഴ്‌സാണ്. ക്രെഡിറ്റ് അനാലിസിസ്, അക്കൗണ്ട്‌സ് പ്രാക്ട്രീസ്, ഫൈനാൻസ്, ഇ കൊമേഴ്‌സ്, ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസ്, ഇബിസിനസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇൻഷുറൻസ്, ആക്ച്വറി, ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിംഗ്, ട്രാവൽ ആൻഡ് ടൂറിസം, എയർപോർട്ട് മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, ടൂറിസ്റ്റ് ഗൈഡ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി ജോലി കണ്ടെത്താൻ സാധിക്കും.


ബി.കോം, ബി.കോം (ഹോണേഴ്‌സ്), ബി.കോം പ്രൊഫഷണൽ എന്നീ കോഴ്‌സുകൾക്ക് പുറമെ കൊമേഴ്‌സുമായി ബന്ധപ്പെട്ട മറ്റു കോഴ്‌സുകളായ ബാച്ചിലർ ഓഫ് അക്കൗണ്ട്‌സ് ആന്റ് ഫൈനാൻസ്, ബാച്ചിലർ ഓഫ് ഫൈനാൻഷ്യൽ മാർക്കറ്റ്, ബി.വോക്ക് അക്കൗണ്ട്‌സ് ആൻഡ് ടാക്‌സേഷൻ, ബി.ബി.എ  ഫൈനാൻസ്, ബി.വോക്ക് ബാങ്കിംഗ് ആൻഡ് ഫൈനാൻസ് സർവീസ് എന്നിവയും ബിരുദ തലത്തിൽ പരിഗണിക്കാം. ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടൻസി (സി.എം.എ ഇന്ത്യ), അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻസി (എ.സി.സി.എ), സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി (സി.എം.എ യു.എസ്), സർട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ് (സി.പി.എ), ചാർട്ടേഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സി.ഐ.എം.എ), ചാർട്ടേർഡ് ഫൈനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ)  തുടങ്ങിയ ചാർട്ടേർഡ് കോഴ്‌സുകൾ മികച്ച തൊഴിലവസരങ്ങളും കരിയർ അഭിവൃദ്ധിയും നൽകുന്നവയാണ്. 

ബി.കോം പഠനത്തിന് ശേഷം തുടര്‍ പഠനത്തിനായി എം.കോം തിരഞ്ഞെടുക്കാം. ടാക്‌സേഷന്‍, ഇ കൊമേഴ്‌സ്, ബിസിനസ് മാനേജ്‌മെന്റ്, ഫൈനാന്‍സ്, ഇന്റേണല്‍ ഓഡിറ്റിംഗ്,  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇ ബിസിനസ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി അനാലിസിസ് ആന്‍ഡ് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയ നിരവധി ഇലക്റ്റീവുകളോട് കൂടിയ എം.കോം പ്രോഗ്രാമുകള്‍ ഒട്ടനവധി സ്ഥാപങ്ങളില്‍ ലഭ്യമാണ്. അധ്യാപനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് എം.കോമും കൊമേഴ്‌സില്‍ ബി എഡും പൂര്‍ത്തിയാക്കി സെറ്റ് പരീക്ഷ എഴുതി ഹയര്‍ സെക്കണ്ടറി തലത്തിലും യു.ജി.സി നെറ്റ് വഴി കോളേജ് തലങ്ങളിലും സാധ്യതകള്‍ കണ്ടെത്താവുന്നതാണ്. ബിരുദ, ഹയര്‍ സെക്കണ്ടറി യോഗ്യതയുള്ളവര്‍ക്കായി  യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, ആര്‍.ബി.ഐ തുടങ്ങിയവ നടത്തുന്ന   വിവിധ മത്സരപരീക്ഷകളില്‍ മികവ് തെളിയിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപങ്ങളില്‍ ജോലി സാധ്യത ഉറപ്പിക്കാവുന്നതുമാണ്.

കൊമേഴ്‌സ് ബിരുദത്തിന് ശേഷം എം.കോം അല്ലാതെ മറ്റേതെങ്കിലും സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ത്രിവത്സര എല്‍.എല്‍.ബി, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ പ്ലാനിംഗ്, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ അനാലിസിസ്, ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫൈനാന്‍സ് എന്നിവയില്‍ മാസ്‌റ്റേഴ്‌സ്, ഫൈനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, റൂറല്‍ മാനേജ്‌മെന്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ എം.ബി.എ എന്നിവ ഉചിതമായിരിക്കും. ഒരല്‍പം വഴിമാറി സഞ്ചരിക്കുന്നവര്‍ക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍, പബ്ലിക് പോളിസി& ഗവര്‍ണന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, മാസ് കമ്മ്യൂണിക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഡി സാസ്റ്റര്‍ മാനേജ്‌മെന്റ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഇന്റലക്ചല്‍ പ്രോപര്‍ട്ടി റൈറ്റ്,  ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, വിമന്‍ സ്റ്റഡീസ്, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നീ മേഖലകളിലെ പഠന അവസരങ്ങള്‍ ഉപയോഗപ്പെടുത്താം
 യുജിസി നെറ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി ഗവേഷണ അവസരങ്ങളും ഉപയോഗപ്പെടുത്താം. ദല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാല, സെന്റ് സേവ്യേഴ്‌സ് കൊല്‍ക്കത്ത, ത്രിപുര കേന്ദ്ര സര്‍വകലാശാല, ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാല പഞ്ചാബ്, െ്രെകസ്റ്റ് സര്‍വകലാശാല ബാംഗ്ലൂര്‍ തുടങ്ങിയവ പിഎച്ച്.ഡി  സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളില്‍ ചിലതാണ്.

 

 


കേരളത്തിനു പുറത്ത് പഠിക്കാം, പ്രധാന സ്ഥാപനങ്ങൾ

അഖിലേന്ത്യാ തലത്തിൽ നിരവധി സ്ഥാപനങ്ങളിൽ ബിരുദ തലത്തിൽ കൊമേഴ്‌സ് പഠനത്തിന്  അവസരങ്ങളുണ്ട്. ചില പ്രധാന സ്ഥാപനങ്ങൾ:

1) ദൽഹി സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ ബി.കോം ഹോണേഴ്‌സ്, ബി.കോം പ്രോഗ്രാമുകൾ  പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ. ബി.കോം ഹോണേഴ്‌സ് പ്രോഗ്രാമിന്റെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.

2) ബനാറസ് ഹിന്ദു സർവകലാശാലയിലെ ബി.കോം (ഹോണേഴ്‌സ്), ബി.കോം (ഹോണേഴ്‌സ്) ഫൈനാൻഷ്യൽ മാർക്കറ്റ് മാനേജ്‌മെന്റ്. പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിൽ.

3) അലീഗഢ് മുസ്‌ലിം സർവകലാശാല, ബി.കോം (ഹോണേഴ്‌സ്). പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിൽ.

4) അസമിലെ ഗുവാഹതി  സർവകലാശാലയിൽ അഞ്ച്  വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം എക്‌സിറ്റ് ഓപ്ഷനുണ്ട്. പ്രവേശനം എൻട്രൻസ് വഴി.

5) തേസ്പൂർ കേന്ദ്ര  സർവകലാശാലയിൽ അഞ്ച്  വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം. എക്‌സിറ്റ് ഓപ്ഷനുണ്ട്. പ്രവേശനം എൻട്രൻസ് വഴി.

6) ജാമിഅ  മില്ലിയ്യ ഇസ്‌ലാമിയ്യ ബി.കോം (ഹോണേഴ്‌സ് ). പ്രവേശനം എൻട്രൻസ് വഴി.

7) ലഖ്‌നൗവിലുള്ള ബാബ സാഹിബ് ഭീം റാവു അംബേദ്കർ യൂനിവേഴ്‌സിറ്റിയിൽ ബി.കോം (ഹോണേഴ്‌സ്). പ്രവേശനം എൻട്രൻസ് വഴി.

8) ബിലാസ്പൂരിലെ ഗുരു  ഗാസിദാസ് വിശ്വ വിദ്യാലയ, ബി.കോം (ഹോണേഴ്‌സ്). പ്രവേശനം എൻട്രൻസ് വഴി.

9) അമർകന്തിലുള്ള  ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂനിവേഴ്‌സിറ്റി,  ബി.കോം (ഹോണേഴ്‌സ് ) പ്രവേശനം +2 മാർക്ക് അടിസ്ഥാനത്തിൽ.

10) ആന്ധ്ര പ്രദേശിലുള്ള സെൻട്രൽ ട്രൈബൽ യൂനിവേഴ്‌സിറ്റി ബി.കോം (വൊക്കേഷണൽ). പ്രവേശനം +2 മാർക്ക് അടിസ്ഥാനത്തിൽ.

11) ബിഹാർ മഹാത്മാഗാന്ധി  സെൻട്രൽ യൂനിവേഴ്‌സിറ്റി ബി.കോം (ഹോണേഴ്‌സ്). പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ.

12 ) ത്രിപുര കേന്ദ്ര സർവകലാശാലയിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ഇൻ കൊമേഴ്‌സ്. പ്രവേശനം +2 മാർക്കിന്റെ അടിസ്ഥാനത്തിൽ. +2 തലത്തിൽ കൊമേഴ്‌സ് പഠിച്ചിരിക്കണം. 

കൂടാതെ സെന്റ് സേവിയേഴ്‌സ് കോളേജ് (കൊൽക്കത്ത, മുംബൈ) ഗോയങ്ക കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (കൊൽക്കത്ത), എൻ.എം.ഐ.എം.എസ് (മുംബൈ) ആർവി യൂനിവേഴ്‌സിറ്റി (ബാംഗ്ലൂർ), ലയോള കോളേജ് (ചെന്നൈ), സ്‌റ്റെല്ല മേരീസ് (ചെന്നൈ), ക്രൈസ്റ്റ് (ബാംഗ്ലൂർ) തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ ബി.കോം വിഷയത്തിൽ സവിശേഷ പഠനത്തിനുള്ള അവസരങ്ങളുണ്ട്.
 

Latest News