ഐഫോണുകളിൽനിന്ന് വാട്സാആപ്ചാറ്റ് ഹിസ്റ്ററി ആൻഡ്രോയിഡ് ഫോണുകളിലേക്ക് അയക്കാവുന്ന സൗകര്യം ഏർപ്പെടുത്തിയതായി ഗൂഗിൾ. പിക്സൽ ഫോണിലേക്കും ആൻഡ്രോയിഡ് 12 സ്മാർട്ട് ഫോണുകളിലേക്കുമാണ് ചാറ്റ് ഹിസ്റ്ററി അയക്കാൻ സാധിക്കുക.
സാംസങ് ഗാലക്സി ഫോണുകളിൽ നിലവിൽ തന്നെ ഈ സൗകര്യമുണ്ട്. ഗാലക്സിയിൽ ആൻഡ്രോയിഡ് പത്തിനും മുകളിലുമുള്ള എല്ലാ ഫോണിലേക്കും അയക്കാമെങ്കിലും ഐഫോണിൽനിന്ന് അയക്കുമ്പോൾ ആൻഡ്രോയിഡ് 12 ആയിരിക്കണമെന്ന നിബന്ധനയുണ്ട്.
വാട്സ്ആപ് ടീമുമായി ഏകോപനം നടത്തിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നും ചാറ്റ് ഹിസ്റ്ററിയും മെമ്മറികളും ഇനി സുരക്ഷിതമായി അയക്കാമെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു.
യു.എസ്.ബി-സി കാബിളാണ് വേണ്ടത്. ആൻഡ്രോയിഡ് ഫോൺ സെറ്റ് ചെയ്യുമ്പോൾ ഐഫോൺ കൊണ്ട് സ്കാൻ ചെയ്യാനുള്ള ക്യൂആർ കോഡ് ലഭിക്കും. വാട്സാപ് ചാറ്റ് ഹിസ്റ്ററി ഐഫോണിൽനിന്ന് പുതിയ ആൻഡ്രോയിഡ് ഫോണുകളിലേക്ക് പകർത്തുകയാണ് ചെയ്യുക. ചാറ്റ് ട്രാൻസ്ഫർ പുരോഗമിക്കുമ്പോൾ പുതിയ മെസേജുകൾ ലഭിക്കില്ല.
ഐ.ഒ.എസിലും ആൻഡ്രോയിഡിലും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ആഗോള തലത്തിൽ പുറത്തിറക്കുമെന്ന് വാട്സ്ആപ് ഈയിടെ വ്യക്തമാക്കിയിരുന്നു. ഇത് തെരഞ്ഞെടുക്കുകയാണെങ്കിൽ ഉപയോക്താവിനു മാത്രമേ ബാക്കപ് തുറക്കാൻ സാധിക്കുകയുള്ളൂ. വാട്സആപ്പിനോ ബാക്കപ് സംവിധാനം നൽകുന്ന കമ്പനിക്കോ ചാറ്റ് കാണാൻ കഴിയില്ല. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഘട്ടംഘട്ടമായി ഈ സൗകര്യം നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.






