Sorry, you need to enable JavaScript to visit this website.

സിൽവർ ലൈൻ കേരളം താങ്ങുമോ?

തിരുവനന്തപുരത്തുനിന്ന് നാല് മണിക്കൂറിൽ കാസർകോട്ട് എന്നൊക്കെ കേൾക്കാൻ കൊള്ളാമെങ്കിലും കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും പരിഗണിക്കുമ്പോൾ ഒട്ടും അനുഗുണമായ പദ്ധതിയല്ല സിൽവർ ലൈൻ. ഭീമമായ ചെലവ്, അമ്പത് വർഷം കൊണ്ടു പോലും മുടക്കുമുതൽ തിരിച്ചുവരാൻ ഇടയില്ലെന്ന യാഥാർഥ്യം, പരിസ്ഥിതി പ്രശ്‌നങ്ങൾ എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. ഇത്രയും പണം മുടക്കി പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപിച്ച് നടപ്പാക്കുന്ന പദ്ധതി, നിർമാണ ഘട്ടം കഴിഞ്ഞാൽ കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന ന്യൂനത.

കേരളം ഇന്നുവരെ എറ്റെടുത്തിട്ടില്ലാത്ത അത്രയും ചെലവു കൂടിയ ഒറ്റ പദ്ധതിയായ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി സംസ്ഥാനത്തിന് ഗുണമോ ദോഷമോ എന്ന കാര്യത്തിൽ ചർച്ചകളും വാഗ്വാദവും പൊടിപൊടിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് വെറും നാല് മണിക്കൂർ കൊണ്ട് കാസർകോട്ട് എത്താൻ കഴിയുന്ന പദ്ധതി കേരളത്തിന് വലിയ നേട്ടമായിരിക്കുമെന്ന് സർക്കാരും ഇടതുമുന്നണിയും വാദിക്കുമ്പോൾ, സംസ്ഥാനത്തെ എടുത്താൽ പൊങ്ങാത്ത കടക്കെണിയിലാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ യു.ഡി.എഫും കോൺഗ്രസും പ്രക്ഷോഭ രംഗത്താണ്. പദ്ധതിയുടെ സാമ്പത്തിക ബാധ്യത താങ്ങാൻ കേരളത്തിന് സാധിക്കുമോ എന്ന് കേന്ദ്ര സർക്കാർ തന്നെ സംശയം പ്രകടിപ്പിക്കുമ്പോഴും പദ്ധതി നടപ്പാക്കാനുള്ള പ്രാഥമിക ക്ലിയറൻസ് ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.


പിണറായിയെ സംബന്ധിച്ചിടത്തോളം ഭാവിയിൽ തന്റെ ഭരണ കാലത്തെ അടയാളപ്പെടുത്താൻ കഴിയുന്ന, ഏറ്റവും വലിയ ഭരണ നേട്ടമായി അവകാശപ്പെടാൻ കഴിയുന്ന സ്വപ്ന പദ്ധതിയെന്ന നിലയിലാണ് സിൽവർ ലൈനിനെ കാണുന്നത്. എന്നാൽ പദ്ധതിക്കു വേണ്ടിവരുന്ന ഭീമമായ ചെലവ് കേരളത്തിന് താങ്ങാൻ കഴിയുന്നതല്ലെന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയക്കെറിച്ച് അറിയാവുന്ന ഏതൊരാൾക്കും ബോധ്യമാവും. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 63,941 കോടി രൂപയാണെന്നാണ് കേന്ദ്ര റെയിൽവേ, ധന മന്ത്രാലയങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. 2025 ഓടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കെറെയിലിന്റെ വെബ്‌സൈറ്റിൽ പറയുന്നു. അത് നടക്കാൻ സാധ്യതയില്ലെന്നും പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് 1.24 ലക്ഷം കോടിയിലെത്തുമെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. 
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഏത് പദ്ധതിയും സമയബന്ധിതമായി പൂർത്തിയാകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. പദ്ധതികൾ പൂർത്തിയാകുമ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ ചെലവു കൂടുന്നത് പുതുമയുള്ള കാര്യവുമല്ല. സർവേ ഘട്ടത്തിൽ മാത്രം എത്തിനിൽക്കുന്ന, സ്ഥലമെടുപ്പു പോലും ആരംഭിച്ചിട്ടില്ലാത്ത കെറെയിൽ പദ്ധതിയും ഉദ്ദേശിച്ച സമയത്ത് പൂർത്തിയാകില്ലെന്നുറപ്പ്. പൂർത്തിയാകുമ്പോൾ സ്വാഭാവികമായും എസ്റ്റിമേറ്റ് തുക കൂടുകയും ചെയ്യും.


പദ്ധതിക്കു വേണ്ടി 33,700 കോടി രൂപയുടെ വിദേശ വായ്പ എടുക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേന്ദം ഇതുവരെ അനുമതി നൽകിയിട്ടില്ല, പകരം ഇത്ര വലിയ വായ്പ എടുത്താൽ തിരിച്ചടയ്ക്കാൻ കേരളത്തിന് കഴിയുമോയെന്ന സംശയമുന്നയിക്കുകയാണ് ചെയ്തത്. കെറെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ പ്രാഥമിക അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഒരനുമതിയും നൽകിയിട്ടില്ലെന്നും പദ്ധതി കേരളത്തിന് ദോഷമായിരിക്കുമെന്നുമാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറയുന്നത്.
തർക്കം തുടരുമ്പോഴും പദ്ധതിയുടെ പ്രാരംഭ നടപടികളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. പത്ത് ജില്ലകളിലൂടെ 529.45 കിലോമീറ്റർ ദൈർഘ്യത്തിലാണ് അതിവേഗ ട്രെയിനിനായി പ്രത്യേക പാത പണിയുക. 12.99 കിലോമീറ്റർ പാലങ്ങളും 11.52 കിലോമീറ്റർ തുരങ്കങ്ങളും പാതയുടെ ഭാഗമായി പണിയും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേതടക്കം മൊത്തം 11 സ്റ്റേഷനുകളാണുണ്ടാവുക. ട്രെയിനിന്റെ പരമാവധി വേഗം 200 കിലോമീറ്ററാണ്. ഒരു ട്രെയിനിൽ ഒമ്പത് കോച്ചുകളിലായി 675 പേർക്ക് സഞ്ചരിക്കാം. കേരള റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.


തിരുവനന്തപുരത്തുനിന്ന് നാല് മണിക്കൂറിൽ കാസർകോട്ട് എന്നൊക്കെ കേൾക്കാൻ കൊള്ളാമെങ്കിലും കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും പരിഗണിക്കുമ്പോൾ ഒട്ടും അനുഗുണമായ പദ്ധതിയല്ല സിൽവർ ലൈൻ. ഭീമമായ ചെലവ്, അമ്പത് വർഷം കൊണ്ടു പോലും മുടക്കുമുതൽ തിരിച്ചുവരാൻ ഇടയില്ലെന്ന യാഥാർഥ്യം, പരിസ്ഥിതി പ്രശ്‌നങ്ങൾ എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. ഇത്രയും പണം മുടക്കി പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപിച്ച് നടപ്പാക്കുന്ന പദ്ധതി, നിർമാണ ഘട്ടം കഴിഞ്ഞാൽ കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന ന്യൂനത.
പദ്ധതിക്കു വേണ്ടി പുതുതായി ഒരു റെയിൽ പാത സംസ്ഥാനത്തെ നെടുകെ മുറിക്കുന്ന വിധത്തിൽ നിർമിക്കേണ്ടിവരുമെന്നത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാവുമെന്ന കാര്യത്തിൽ തർക്കമില്ല. മുമ്പ് യു.ഡി.എഫ് സർക്കാർ എക്‌സ്പ്രസ് വേ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അന്ന് അതിനെ എതിർത്ത ഇടതുമുന്നണിയുടെ ഒരു പ്രധാന ആരോപണം കേരളത്തെ രണ്ടായി കീറിമുറിക്കുമെന്നതായിരുന്നു. അവർ തന്നെ അതേ ദൂഷ്യമുള്ള മറ്റൊരു പദ്ധിയുമായി വരുന്നത് വിരോധാഭാസം. മഴക്കാലത്ത് ഉരുൾപൊട്ടലും പ്രളയവും ആൾനാശവും നാശനഷ്ടങ്ങളും എല്ലാ വർഷവും ആവർത്തിക്കുന്ന കേരളത്തിൽ സിൽവർ ലൈൻ പോലുള്ള പദ്ധതി പ്രകൃതി ദുരന്തങ്ങളുടെ ആക്കം കൂട്ടുകയേ ഉള്ളൂ.


മോഡി സർക്കാർ അഭിമാന പദ്ധതിയായി നടപ്പാക്കുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മാതൃകയിലാണ് കേരള സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള, സമ്പന്നമായ, രണ്ട് വ്യവസായ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലും 30 വർഷത്തിനകം ലാഭകരമാകാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അപ്പോൾ പിന്നെ സിൽവർ ലൈനിന്റെ അവസ്ഥ എന്താവും? ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ 1.1 ലക്ഷം കോടി രൂപ എസ്റ്റിമേറ്റിലാണ് ഇന്ത്യൻ റെയിൽവേ, ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്. സാധാരണ ട്രെയിൻ യാത്രയുടെ ഒന്നര ഇരട്ടി നിരക്കാവും ബുള്ളറ്റ് ട്രെയിനിൽ ഈടാക്കുകയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിൽ സിൽവർ ലൈൻ ലാഭകരമാവണമെങ്കിൽ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടിവരും. അപ്പോൾ യാത്രക്കാർ കുറയും. കൊച്ചി മെട്രോ നൽകുന്ന പാഠം അതാണ്. ചുരുക്കം ഒരു കാലവും ലാഭകരമാവാൻ ഇടയില്ലാത്ത പദ്ധതിയാവും സിൽവർ ലൈൻ. അതുകൊണ്ടുള്ള പരിസ്ഥിതി നാശം വേറെ.


കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടത് നിലവിലുള്ള ദേശീയ പാതകൾ ആറു വരിയോ എട്ടു വരിയോ ആയി വീതി കൂട്ടി വികസിപ്പിക്കുകയാണ്. അതിൽ ഫാസ്റ്റ് ട്രാക്കുകളും സർവീസ് റോഡുകളും വേണം. ഫാസ്റ്റ് ട്രാക്കിലൂടെ മണിക്കൂറിൽ നൂറ് കിലോമീറ്ററെങ്കിലും വേഗത്തിൽ വാഹനം ഓടിക്കാൻ കഴിയണം. ഇതിനായി സ്ഥലം ഏറ്റെടുക്കൽ വലിയൊരു പ്രതിസന്ധിയാണെങ്കിലും സിൽവർ ലൈൻ പോലുള്ള പദ്ധതിക്ക് മുടക്കുന്ന പണമൊന്നും വേണ്ടിവരില്ല. സ്ഥലം കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഇപ്പോഴുള്ള റോഡിനു മുകളിലൂടെ എലിവേറ്റഡ് പാത നിർമിക്കാം. ട്രെയിനിനേക്കാൾ ചെറുപട്ടണങ്ങളുമായും ഗ്രാമങ്ങളുമായും കണക്ടിവിറ്റി കൂടുതൽ ഹൈവേക്കായിരിക്കും. ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്നതും റോഡ് തന്നെയാണ്. പരിസ്ഥിതി പ്രശ്‌നങ്ങളും ടോൾവിരുദ്ധ സമരങ്ങളും ഉണ്ടാകുമെങ്കിലും നല്ല റോഡില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ.
എന്തൊക്കെ എതിർപ്പുണ്ടെങ്കിലും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വാശിയിൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങാത്തതും സാമ്പത്തികമായി ലാഭകരമാവാൻ ഇടയില്ലാത്തതുമായ പദ്ധതികൾക്കു വേണ്ടി വരുംതലമുറകളെ കടക്കെണിയിലാക്കുന്ന വിധം വൻതോതിൽ പണം ചെലവഴിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി സ്വയം വിലയിരുത്തണം. ഇക്കാര്യത്തിൽ ദുരഭിമാനത്തിന്റെ ആവശ്യമില്ല. കേരളത്തിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുകയും ജനങ്ങളിൽനിന്ന് കടുത്ത എതിർപ്പ് ഉയർന്നപ്പോൾ വേണ്ടെന്നുവെച്ചതുമായ പദ്ധതികൾ വേറെയുമുണ്ടല്ലോ. എക്‌സ്പ്രസ് വേ, തിരുവനന്തപുരം കോഴിക്കോട് മോണോ റെയിൽ പദ്ധതികൾ തുടങ്ങിയവ അങ്ങനെ മടക്കി പെട്ടിയിൽ വെച്ച പദ്ധതികളാണ്. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കാൻ ഏറെ ശ്രമിച്ച ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത നെൽപാടങ്ങളിൽ വീണ്ടും കൃഷിയിറക്കിക്കൊണ്ടായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ തുടക്കം എന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നന്ന്.
 

Latest News