Sorry, you need to enable JavaScript to visit this website.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ വളഞ്ഞവഴിയുമായി കേന്ദ്രം

ന്യൂദല്‍ഹി- ജനന, മരണ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഏകീകരിക്കാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969ലെ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യും. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. പുതിയ ഭേദഗതി അനുസരിച്ച് സംസ്ഥാനതല വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി പങ്കുവെക്കണം. ഇതിനായി ചീഫ് രജിസ്ട്രാറെ സംസ്ഥാനതലത്തില്‍ നിയമിക്കണം.
    ഭേദഗതി നടപ്പിലായാല്‍ ജനന, മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് 2010ല്‍ തയാറാക്കുകയും 2015ല്‍ പുതുക്കുകയും ചെയ്ത ജനസംഖ്യ രജിസ്‌ട്രേഷന്‍ കേന്ദ്രം പുതുക്കിയേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
    ജനന, മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍, വോട്ടര്‍പ്പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പരിഷ്‌ക്കരിക്കാനും കൃത്യത ഉറപ്പാക്കാനും ഈ വിവരങ്ങള്‍ ഉപയോഗിക്കും. ഭേദഗതി നടപ്പായാല്‍ പ്രസ്തുത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ജനസംഖ്യ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയും.
    നിലവില്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തിലാണ് ജനന, മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പകരം സംസ്ഥാനം ചീഫ് രജിസ്ട്രാറെ നിയമിക്കണം എന്നാണ് ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്. ചീഫ് രജിസ്ട്രാര്‍ സംസ്ഥാനത്തു നിന്നുള്ള വിവരങ്ങള്‍ കേന്ദ്രവുമായി സംയോജിപ്പിക്കും. ഇതിന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മേല്‍നോട്ടം വഹിക്കും.
    1969ലെ നിയമം ഭേദഗതി ചെയ്യുമ്പോള്‍ മൂന്ന് എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ക്കുന്നത്. അതനുസരിച്ചാണ് ജനന, മരണ രജിസ്റ്റര്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതിന് ഉള്‍പ്പടെ ഉപയോഗിക്കാന്‍ സാധ്യമാകുന്നത്. ഇതേ വിവരങ്ങള്‍ തന്നെ വോട്ടര്‍ പട്ടികയും പാസ്‌പോര്‍ട്ടും അടക്കമുള്ള വിവധ രേഖകളിലെ വിവരങ്ങള്‍ പരഷ്‌കരിക്കാനും ഉപയോഗിക്കാം.

 

Latest News