ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിക്ക് മുകളില്‍ ഉയരരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.
കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും. നവംബര്‍ ഒമ്പതിനകം വിശദമായ സത്യവാങ്മൂലം കേരളം നല്‍കണം. റൂള്‍ കവര്‍വ് തര്‍ക്കത്തിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ റൂള്‍ കര്‍വാണ് മേല്‍നോട്ട സമിതി പരിഗണിക്കുന്നതെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തോട് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നിരുന്നു. ബുധനാഴ്ത വൈകിട്ട് മഴ കനത്തതോടെ തമിഴ്‌നാട് കൊണ്ടുപോകുന്നതിനെക്കാള്‍ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. 139 അടി കവിയുമ്പോള്‍ ഡാം തുറക്കാനായിരുന്നു ഏകദേശ തീരുമാനം. എന്നാല്‍ സുപ്രീംകോടതി വിധിയോടെ 139.5 അടിവരെ ജലനിരപ്പാകാം.
142 അടി പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പു സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാട് എടുത്തിരുന്നു. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കൈമാറിയത്.






