പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മൂന്നു വിദ്യാർഥികൾ ആഗ്രയിൽ അറസ്റ്റിൽ

ആഗ്ര- ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർഥികൾ ഉത്തർപ്രദേശിലെ ആഗ്രയിൽ അറസ്റ്റിൽ. ഇവരുടെ പേരിൽ രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ആഗ്രയിലെ രാജാ ബൽവന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേർ മൂന്നാം വർഷ വിദ്യാർഥികളും ഒരാൾ മൂന്നാം വർഷ വിദ്യാർഥിയുമാണ്. സൈബർ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേൽ ചുമത്തി. പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് ഇവരെ സസ്‌പെന്റ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

ഇവർക്ക് പുറമെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തർപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ പാകിസ്താൻ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പോലീസ് വ്യക്തമാക്കി.
 

Latest News