Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാന്‍ ശ്രമം;  ബോണറ്റില്‍ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റര്‍

പാലക്കാട്- ഒറ്റപ്പാലത്ത് ഫാന്‍സി സാധനങ്ങള്‍ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെടാനായി കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളില്‍ കിടന്നത് . സംഭവത്തില്‍ കാറോടിച്ച് അതിക്രമം കാണിച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് നാടിനെ ഞെട്ടിപ്പിച്ച ഈ സംഭവം നടക്കുന്നത്. ഒറ്റപ്പാലം സ്വദേശി ഉസ്മാന്‍ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിന്റെ കടയില്‍ നിന്നും 75,000 രൂപയുടെ ഫാന്‍സി സാധനങ്ങള്‍ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുഹമ്മദ് ഫാസില്‍ ഉസ്മാന്റെ ഒറ്റപ്പാലം പത്തൊന്‍പതാം മൈലിലുള്ള ഭാര്യവീട്ടില്‍ എത്തി പണം ആവശ്യപ്പെട്ടു.
ഈ സമയം കാറില്‍ കയറി പോവാന്‍ ശ്രമിച്ച ഉസ്മാന് മുന്നില്‍ മുഹമ്മദ് ഫാസില്‍ നിന്നതോടെ ഇടിച്ച് തെറിപ്പിച്ച് പോവാന്‍ ശ്രമിച്ചു. ഇതോടെ രക്ഷപ്പെടാനായി കാറിന്റെ ബോണറ്റിലേക്ക് മുഹമ്മദ് ഫാസില്‍ ചാടി കയറിയെങ്കിലു ഉസ്മാന്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. കാറിന് മുകളിലായിപ്പോയ മുഹമ്മദ് ഫാസിലിനെയും കൊണ്ട് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച ഉസ്മാന്‍ പോലീസ് സ്‌റ്റേഷന് മുന്‍പിലാണ് വാഹനം നിര്‍ത്തിയത്.
ഉസ്മാനെ കസ്റ്റഡിയിലെടുത്ത പോലീസ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് കേസെടുത്തു. മുഹമ്മദ് ഫാസിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഉസ്മാന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്ക് ഗുരുതരമല്ല.
 

Latest News