ദല്‍ഹിയില്‍ 90 ശതമാനം ആളുകള്‍ക്കും ശരീരത്തില്‍ കോവിഡ് ആന്റിബോഡി

ന്യൂദല്‍ഹി- തലസ്ഥാന നഗരിയിലെ 90 ശതമാനം ആളുകള്‍ക്കും കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിലുണ്ടെന്ന് സീറോ സര്‍വേ ഫലം. ആറാമത്തെ സീറോ സര്‍വേ ഫലമാണ് പുറത്തുവന്നത്. എല്ലാ ജില്ലകളിലും 85 ശതമാനത്തില്‍ കുറയാതെ സീറോ പോസിറ്റിവിറ്റി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളിലാണ് ആന്റിബോഡി കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ആന്റിബോഡി സാന്നിധ്യം കൂടാതെ കുത്തിവെപ്പിലൂടെ ലഭിക്കുന്ന ആന്റിബോഡിയും പഠനവിധേയമാക്കി.
ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം ദല്‍ഹിയില്‍ രണ്ട് കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ കിട്ടിയിട്ടുണ്ട്. ജനസംഖ്യയുടെ 86 ശതമാനം വരുമിത്. 48 ശതമാനത്തോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും കിട്ടി.
കോവിഡിനെതിരായ സ്വാഭാവിക പ്രതിരോധം (ഹേഡ് ഇമ്യൂണിറ്റി) ലഭിക്കാന്‍ ജനസംഖ്യയില്‍ എത്ര ശതമാനത്തിന് പ്രതിരോധ ശേഷി ലഭിക്കണമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് തീര്‍ച്ചയില്ല. വ്യത്യസ്ത രോഗാണുക്കള്‍ക്ക് ഇത് വ്യത്യസ്ത നിരക്കാണ്.

 

Latest News