Sorry, you need to enable JavaScript to visit this website.

സൗദി കുതിപ്പിലേക്ക്; 44 ബഹുരാഷ്ട്ര കമ്പനികൾ മേഖലാ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുന്നു

റിയാദിലേക്ക് മേഖലാ ആസ്ഥാനങ്ങൾ മാറ്റുന്നതിന് ലൈസൻസുകൾ നേടിയ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികൾ നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനൊപ്പം.

റിയാദ് - ഹാലിബർട്ടനും സീമെൻസും യൂനിലിവറും പെപ്‌സികോയും ഓയോയും അടക്കം 44 ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുന്നു. റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിൽ തുറക്കുന്നതിന് ഈ കമ്പനികൾ ലൈസൻസുകൾ കൈപ്പറ്റി. ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 44 കമ്പനികൾക്ക് മേഖലാ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസുകൾ അനുവദിച്ചത്. ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് ആകർഷിക്കാനുള്ള പദ്ധതിക്ക് നിക്ഷേപ മന്ത്രാലയവും റിയാദ് റോയൽ കമ്മീഷനുമാണ് മേൽനോട്ടം വഹിക്കുന്നത്. 
അഞ്ചാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചേർന്ന പ്രത്യേക ഡയലോഗ് സെഷനിലാണ് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് അൽറശീദ് എന്നിവരുടെ സാന്നിധ്യത്തിൽ 44 ബഹുരാഷ്ട്ര കമ്പനികൾക്ക് റിയാദിൽ മേഖലാ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസുകൾ കൈമാറിയത്.
ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയിൽ ഇത്രയധികം കമ്പനികൾ ചേർന്നതിൽ ആഹ്ലാദമുണ്ടെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ബിസിനസ് ആകർഷിക്കുന്ന ആഗോള നഗരവും ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രവും ആണ് റിയാദ് എന്നതിന്റെ സൂചനയാണിത്. വിഷൻ 2030 പദ്ധതി നൽകുന്ന അസാധാരണ നിക്ഷേപാവസരങ്ങൾ ഈ കമ്പനികൾ മനസ്സിലാക്കുന്നു. ഇതിന്റെ ഫലം വൈകാതെ അവർക്ക് കൊയ്യാനാകും. സൗദിയിൽ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ രൂപകൽപന ചെയ്ത ഏതാനും പദ്ധതികളിലൂടെ കൂടുതൽ നിക്ഷേപാവസരങ്ങൾ നൽകുന്ന ദേശീയ നിക്ഷേപ തന്ത്രം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിലാണ് വൻകിട കമ്പനികൾ തങ്ങളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.  
കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപകരിൽ നിന്ന് പ്രോത്സാഹജനകമായ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ വർധിച്ചു. പ്രാദേശിക വിപണിയിൽ നിക്ഷേപത്തിന്റെ അളവ് വർധിപ്പിക്കുന്ന നിലക്ക് നിക്ഷേപകരുടെ കൂടുതൽ സാന്നിധ്യം തങ്ങൾ പ്രതീക്ഷിക്കുന്നതായും നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
 

Latest News