Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ നിലപാട് ശരിയെന്ന് വ്യക്തമായി; പെഗസസ് ഇനിയും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍

ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കളുടേയും പ്രമുഖരുടേയും ഫോണ്‍ രഹസ്യമായി ചോര്‍ത്തിയത് അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു. പ്രതിപക്ഷം ഉത്തരം തേടിയ ചോദ്യങ്ങള്‍ തന്നെ ജഡ്ജിമാരും ഉന്നയിച്ചതോടെ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിഷേധിച്ചിട്ടും ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടും ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല, ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ തുടരുന്നു- അദ്ദേഹം പറഞ്ഞു. 

പെഗസസ് സ്‌പൈവെയര്‍ വാങ്ങാന്‍ ആരാണ് അനുമതി നല്‍കിയത്, ആരാണ് അതുപയോഗിക്കാന്‍ അനുമതി നല്‍കിയത്, പെഗസസ് രഹസ്യ നിരീക്ഷണത്തിന്റെ ഇരകള്‍ ആരാണ്?  നമ്മുടെ പൗരന്മാരുടെ വിവരങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തിന് ലഭിച്ചിട്ടുണ്ടോ? ഏതെല്ലാം വിവരങ്ങളാണ് അവരുടെ പക്കലുള്ളത് എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പെഗസസ് ഒരു സര്‍ക്കാരിനു മാത്രമെ വാങ്ങാന്‍ കഴിയൂ. ഒന്നുകില്‍ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രിയോ ആയിരിക്കണം ഇതിനു അനുമതി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. പെഗസസ് വിഷയം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കും. ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്തും. തീര്‍ച്ചയായും ഈ ചര്‍ച്ച ബിജെപി അനുവദിക്കാന്‍ പോകുന്നില്ല. എങ്കിലും ചര്‍ച്ച ആവശ്യപ്പെടും. വിഷയം ഇപ്പോള്‍ കോടതിയിലാണ്, കോടതി അതുമായി മുന്നോട്ടുപോകും. എങ്കിലും പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യേണ്ടതുണ്ട്- രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി തന്നെ ചീഫ് ജസ്റ്റിസും മുന്‍ പ്രധാനമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ള പൗരന്മാരെ ആക്രമിക്കാന്‍ മറ്റൊരു രാജ്യവുമായി കൈകോര്‍ത്തെങ്കില്‍ അത് രാജ്യത്തിനെതിരായ ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചത് പെഗസസ് ഉപയോഗിച്ചാണെന്നും രാഹുല്‍ ആരോപിച്ചു. സുപ്രീം കോടതി നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ ഇത് ആഴത്തിലുള്ളൊരു പ്രശ്‌നമാണ്. പ്രധാനമന്ത്രി ഇതിനെ ഒരു വ്യക്തിപരമായ ഉപകരണമായി ഉപയോഗിക്കുകയാണെങ്കില്‍, രഹസ്യങ്ങള്‍ പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് എത്തുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും ക്രിമിനല്‍ കുറ്റമാണ്. ഞങ്ങളതിനെ പിന്തുടരും- രാഹുല്‍ പറഞ്ഞു. 

Latest News