മോഡി ഇന്ന് ഫലസ്തീനില്‍; ശ്രേഷ്ഠ അതിഥിയെന്ന് അബ്ബാസ്

ന്യൂദല്‍ഹി/റാമല്ല- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിരാഷ്ട്ര പര്യടനം ഇന്ന് ആരംഭിക്കുന്നു. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മോഡി സന്ദര്‍ശിക്കുന്നത്. ഇസ്രായില്‍ സന്ദര്‍ശനത്തിലൂടെ ആറു മാസം മുമ്പ് ചരിത്രം സൃഷ്ടിച്ച മോഡി തീര്‍ത്തും ഹ്രസ്വമായ പ്രതീകാത്മക സന്ദര്‍ശനമാണ് ഫലസ്തീനില്‍ നടത്തുന്നത്. ദല്‍ഹിയില്‍നിന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തുന്ന മോഡി അവിടെനിന്ന് ഹലിക്കോപ്റ്ററിലാണ് ഫലസ്തീനിലെത്തുക. തുടര്‍ന്ന് യു.എ.ഇയും ഒമാനും സന്ദര്‍ശിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ദല്‍ഹിയില്‍ മടങ്ങിയെത്തും. ഫലസ്തീന്‍ സന്ദര്‍ശനം ചരിത്രപ്രധാനമാണെന്ന് മോഡി വിശേഷിപ്പിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രാധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്.
മോഡിയുടെ ഏകദിന സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഫലസ്തീനില്‍ പൂര്‍ത്തിയായി. ശ്രേഷ്ട അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഓഫിസ് വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റാമല്ലയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ സഹായത്തിനും പിന്തുണക്കും ഫലസ്തീന്‍ നന്ദി അറിയിക്കും. മോഡിക്ക് ഫലസ്തീന്‍ പ്രസിഡന്റ് ഉച്ചവിരുന്ന് നല്‍കും. തുടര്‍ന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം ഇരുരാജ്യങ്ങളും പ്രധാന കരാറുകളില്‍ ഒപ്പുവെക്കും.
 

Latest News