കേന്ദ്ര സര്‍ക്കാരിന്റെ പെഗസസ് ചാരവൃത്തി അന്വേഷിക്കണോ? സുപ്രീം കോടതി വിധി ഇന്ന്

ന്യൂദല്‍ഹി- ഇസ്‌റാഈല്‍ ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടേയും കേന്ദ്ര മന്ത്രിമാരുടേയും സുപ്രീം കോടതി ജഡ്ജിമാരുടേയും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തി രഹസ്യ നിരീക്ഷണം നടത്തിയ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് മറ്റു ജഡ്ജിമാര്‍. ഇക്കാര്യം അന്വേഷിക്കാന്‍ വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്ന് കേസില്‍ വിശദമായി വാദം കേട്ട സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

പെഗസസ് ചാരവൃത്തി സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, സുപ്രീം കോടതി അഭിഭാഷകന്‍ എം എല്‍ ശര്‍മ, ഏതാനും മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

പെഗസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. ദേശീയ സുരക്ഷ കണക്കിലെടുത്ത് ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്നാണ് കോടതിയില്‍ കേന്ദ്രം സ്വീകരിച്ച നിലപാട്.
 

Latest News