ന്യൂദൽഹി- ഗുജറാത്ത് കൂട്ടക്കൊലയിൽ പുനരന്വേഷണം വേണമെന്ന ആവശ്യമായി ഗുജറാത്തിൽ കലാപത്തിനിടെ സംഘ്പരിവാർ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ മുൻ എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി സുപ്രീം കോടതിയിൽ. ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ വാദം നടക്കുന്നതിനിടെയാണ് ഇന്നലെ സാക്കിയയുടെ അഭിഭാഷകൻ കപിൽ സിബൽ ഈ ആവശ്യം ഉന്നയിച്ചത്. കലാപത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം ഗുൽബർഗ് കേന്ദ്രീകരിച്ച് മാത്രം പാടില്ലെന്നും സിബൽ വാദിച്ചു.
ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേസിൽ ഇന്നും വാദം തുടരും. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന വംശഹത്യയിൽ കൊല്ലപ്പെട്ട 69 പേരിൽ ഒരാളാണ് ഇഹ്‌സാൻ ജാഫ്രി. ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന് തീവച്ചതിന് തൊട്ടുപിറ്റേ ദിവസമാണ് ഗുൽബർഗ് സൊസൈറ്റിയിൽ അക്രമികൾ കൂട്ടക്കൊല നടത്തിയത്. രക്ഷതേടി ജാഫ്രിയുടെ വീട്ടിലെത്തിയ പ്രദേശവാസികളെയടക്കം കൂട്ടക്കൊല ചെയ്യുകയായിരുന്നു.