ഖാര്‍ത്തൂം- സുഡാനില്‍ സൈനിക അട്ടിമറി നടത്തിയതിന് പിന്നാലെ തെരുവുകളില്‍ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
അധികാരമേറ്റതിനെ തുടര്‍ന്ന് തലസ്ഥാനമായ ഖാര്‍ത്തൂമിലും രാജ്യത്തുടനീളവുമുള്ള റോഡുകള്‍ ഉപരോധിക്കുകയും ദേശീയ പതാകയുമായി പ്രകടനം നടത്തുകയും ചെയ്തു.
തിങ്കളാഴ്ച ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ സിവിലിയന്‍ ഭരണം പിരിച്ചുവിടുകയും രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജനക്കൂട്ടത്തിനുനേരെ സൈനികര്‍ വെടിയുതിര്‍ക്കുകയും 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 'ആഭ്യന്തര യുദ്ധം' ഒഴിവാക്കാന്‍ അട്ടിമറി ന്യായമാണെന്നും തടവിലാക്കിയ പ്രധാനമന്ത്രിയെ ചൊവ്വാഴ്ച വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നും ജനറല്‍ ബുര്‍ഹാന്‍ പറഞ്ഞു. നേരത്തെ, രാഷ്ട്രീയ ചേരിതിരിവ് ആരോപിച്ച് അട്ടിമറിയെ ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു.
അട്ടിമറി ആഗോളതലത്തില്‍ അപലപിക്കപ്പെട്ടു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി യോഗം ചേരുമെന്ന് നയതന്ത്രജ്ഞര്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനായി സൈന്യം ഖാര്‍ത്തൂമില്‍ വീടുതോറും കയറുന്നതായി റിപ്പോര്‍ട്ടുണ്ട്.