Sorry, you need to enable JavaScript to visit this website.

സൗദി-ഇന്ത്യ വിമാന സര്‍വീസ് 31 ന് തുടങ്ങുന്നില്ല, എയര്‍ഇന്ത്യ അറിയിപ്പിലെ വസ്തുത

ജിദ്ദ- ഈ മാസം 31 മുതല്‍ അടുത്ത മാര്‍ച്ച് 26 വരെ എയര്‍ ഇന്ത്യ പ്രഖ്യാപിച്ച വിമാനങ്ങള്‍ നിലവിലുള്ള സര്‍വീസ് തന്നെയാണെന്ന് വിശദീകരണം. സൗദിയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പ്രതീക്ഷിക്കുന്ന നേരിട്ടുള്ള സര്‍വീസുമായി ഇതിന് ബന്ധമില്ല. ഇന്ത്യ, സൗദി വിദേശമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചക്കുശേഷം ഏതു സമയത്തും നേരിട്ടുള്ള സര്‍വീസ് സൗദി പ്രവാസികള്‍ പ്രതീക്ഷിക്കുന്നുണ്ട്. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ഈ മാസം 31 മുതല്‍ മാര്‍ച്ച് 26 ഇന്ത്യയില്‍നിന്ന് സര്‍വീസുണ്ടാകുമെന്നും ടിക്കറ്റ് ബക്ക് ചെയ്യാമെന്നുമാണ് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നത്. സൗദി പ്രവാസികള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ അറിയിപ്പിനെ കണ്ടത്. ഇന്ത്യക്കും സൗദിക്കുമിടയില്‍ നേരിട്ട് സര്‍വീസ് തുടങ്ങുകയാണെന്ന ധാരണ പരക്കുകയും ചെയ്തു.
എന്നാല്‍ ഇത് കഴിഞ്ഞ ജൂലൈ മുതല്‍ തുടരുന്ന വന്ദേഭാരത് സര്‍വീസുകള്‍ മാത്രമാണെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. നേരത്തെ എല്ലാ മാസവുമാണ് അറിയിപ്പ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മാര്‍ച്ച് 26 വരെ തീയതി നല്‍കി ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കയാണെന്ന് മാത്രം.
ജിദ്ദയില്‍നിന്ന് നിലവില്‍ ഹൈദരാബാദ് വഴി മുംബൈയില്‍ ആഴ്ചയില്‍ ഒറ്റ വിമാനം മാത്രമാണുള്ളത്. തിരിച്ചും ഞായറാഴ്ച ഒറ്റ സര്‍വീസ് മാത്രമാണുള്ളത്. ഈ വിമാനം മാര്‍ച്ച് വരെ നീട്ടിയതല്ലാതെ പുതുതായി വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ജിദ്ദയില്‍നിന്ന് കേരളത്തിലേക്ക് നിലവില്‍ എയര്‍ ഇന്ത്യ വിമാനമില്ല. റിയാദ്, ദമാം എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ വിമാനങ്ങളും മാര്‍ച്ച് വരെ നീട്ടിയെന്നത് മാത്രമാണ് വന്നിരിക്കുന്ന മാറ്റം.

മാര്‍ച്ച് 26 വരെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചും വിമാനങ്ങളുണ്ടാകുമെന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമായിരുന്നു എയര്‍ ഇന്ത്യ ട്വീറ്റ്. ഇന്ത്യയില്‍ ഏതൊക്കെ കേന്ദ്രങ്ങളില്‍നിന്നാണ് സര്‍വീസുണ്ടാകുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. വെബ്‌സൈറ്റ്  വഴിയും ബുക്കിംഗ് ഓഫീസ് വഴിയും ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് അറിയിപ്പ്.
മാര്‍ച്ച് 26 വരെ തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കത്തിലെ പ്രത്യേകത. വന്ദേഭാരത് വിമാനങ്ങള്‍ നാട്ടിലെത്തി മടങ്ങുമ്പോള്‍ സൗദിയില്‍വെച്ച് രണ്ട് വാക്‌സിനെടുത്തവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരടക്കം നേരിട്ടുള്ള യാത്രക്ക് ഇളവ് ലഭിച്ചവര്‍ക്കും മടങ്ങാം.

 

Latest News