കണ്ണൂര്‍- സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായി.
മേലേ ചൊവ്വ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളന്‍പാറയില്‍ താമസക്കാരനുമായ കെ. റിജേഷ് (40) , കണ്ണൂര്‍ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ നിധീഷ് വിശ്വനാഥന് (44) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ സിറ്റി അസി. കമ്മീഷണര്‍ പി.പി. സദാനന്ദന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ രണ്ടു പേരെയും പിടികൂടിയത്. എളയാവൂര് സര്‍വീസ് സഹകരണ ബാങ്ക്, ചൊവ്വ സഹകരണബാങ്ക് എന്നിവിടങ്ങളില്‍ വ്യാജപണ്ടം പണയം വെച്ച് 1,80,000 രൂപ തട്ടിയെടുത്തതായി വ്യക്തമായ പശ്ചാത്തലത്തിലാണ് അറസ്റ്റ്. എളയാവൂര് ബാങ്കിന്റെ കണ്ണോത്തും ചാല് ശാഖയില്‍ പണയ സ്വര്‍ണം തിരിച്ചെടുക്കാനായി റിജേഷിനെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സജേഷിന് ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലും കണ്ണോത്തും ചാല് ശാഖയിലും അക്കൗണ്ടുണ്ട്. ഈ ബന്ധം ഉപയോഗിച്ച് കണ്ണോത്തുംചാല്‍ ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം വാങ്ങി. പിന്നീട് മെയിന്‍ ബ്രാഞ്ചിലും തട്ടിപ്പിനെ ത്തിയപ്പോള്‍ അപ്രസര്ക്ക് സംശയം തോന്നി. ഇത് മനസ്സിലാക്കി റിജേഷ് ഉടന്‍ സ്ഥലം വിട്ടു. തുടര്‍ന്ന് ബാങ്ക് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് റിജേഷ് കണ്ണോത്തുംചാല്‍ ശാഖയിലും പണയം വെച്ചു കാര്യം അറിഞ്ഞത്. പരിശോധിച്ചപ്പോള്‍ വ്യാജ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞയുടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേസമയം തന്നെ ചൊവ്വ ബാങ്കിലെ പണയ സ്വര്‍ണവും പരിശോധനയില്‍ വ്യാജമെന്ന് തെളിഞ്ഞു.
റിജേഷിനെ ചോദ്യം ചെയ്തപ്പോള്‍ വ്യാജ സ്വര്‍ണം നല്‍കിയത് നിധീഷ് ആണെന്ന വിവരം കൈമാറി. തുടര്‍ന്നാണ് ഇയാളെയും അറസ്റ്റു ചെയ്തത്. കഴിഞ്ഞ 20 ദിവസത്തിനകം രണ്ട് ബാങ്കുകളില്‍നിന്നായി 1,80,000 രൂപ ഇവര്‍ തട്ടിയെടുത്തു. സമാന രീതിയില്‍ മറ്റു ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് ഇവര്‍ വ്യാജ ആഭരണങ്ങള്‍ തയാറാക്കിയിരുന്നത്. ഉരച്ചുനോക്കാനിടയുള്ള മാലയുടെ കൊളുത്ത് അടക്കമുള്ള ഭാഗങ്ങളില്‍ യഥാര്‍ഥ സ്വര്‍ണമാണ് ഉപയോഗിച്ചിരുന്നത്. ഇതിനു പിന്നില്‍ മറ്റു ചിലര്‍ക്ക്
കൂടി പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് സി.ഐ അറിയിച്ചു.






