Sorry, you need to enable JavaScript to visit this website.

ഒരു നാട്ടുമ്പുറത്തുകാരന്റെ സഞ്ചാര കഥ 

സിബ്ഗത്ത് മഠത്തൊടി

ഓരോ രാജ്യത്തെയും പൊതുഗതാഗതം ചെലവില്ലാ യാത്രകൾക്ക് അവലംബമാണ്. ഭാരിച്ച ചെലവ് വരുമെന്ന ഭയം കൊണ്ടാണ് പലരും വിദേശ രാജ്യങ്ങൾ  സന്ദർശിക്കാത്തത്. അറിഞ്ഞും  അന്വേഷിച്ചും ചെലവ് ചുരുക്കിയുമുള്ള യാത്രകളാണ് സിബ്ഗത്തിന്റേത് 


യാത്രകളെ നന്നായി  പ്രണയിക്കുന്ന ഒരു  നാട്ടുമ്പുറത്തുകാരൻ, ചുരുങ്ങിയ ചെലവിൽ വിദേശ യാത്ര സാധ്യമാണെന്ന് തെളിയിച്ച സഞ്ചാരി, അതാണ് സിബ്ഗത്ത് മഠത്തൊടി. ചെറുപ്പത്തിൽ വിമാനം കാണുമ്പോൾ വിദേശത്തേക്കൊരു  യാത്ര ആലോചിക്കാനേ വയ്യാത്ത കാലമുണ്ടായിരുന്നു. കുട്ടിക്കാലത്തെ ആ  യാത്രാസ്‌നേഹം സ്വപ്‌നത്തിൽ മാത്രം ഒതുങ്ങി. സ്‌കൂളിൽ പഠിക്കുന്ന കാലത്തും വിനോദയാത്ര പോയിട്ടില്ല. പക്ഷേ ക്ലാസിലെ  കുട്ടികൾ പോയി വന്നാൽ അവർ കണ്ട കാഴ്ചകളും അനുഭവങ്ങളും പറയുമ്പോൾ അപ്പോഴും യാത്രകളോട് വലിയ അഭിനിവേശം ഉണ്ടായി. സ്‌കൂൾ പഠനം കഴിഞ്ഞതോടെ ചെറിയ യാത്രകൾ തുടങ്ങി. ആദ്യമായി യാത്ര പോയത് തിരുവനന്തപുരം, കോവളം, കന്യാകുമാരി. ജോലി ആവശ്യത്തിനായി ദുബായിൽ ആയിരുന്നപ്പോൾ അവിടെ ടൂറിസ്റ്റുകളുടെ വലിയ  ബാഹുല്യമായിരുന്നു. പല ട്രാവൽ ഏജൻസികളിലും  പരിചയക്കാർ ഉണ്ട്. വിദേശികളായ സുഹൃത്തുക്കളുമുണ്ട്. ദുബായിൽ നിന്നാണ്
വിദേശ രാജ്യങ്ങളിൽ പോവാനുള്ള പ്രചോദനം ഉണ്ടായത്. യാത്ര മിഡിലീസ്റ്റിൽ  മാത്രം ഒതുക്കാതെ മറ്റു രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു. ഭാരിച്ച ചെലവുകളില്ലാതെയായിരുന്നു  യാത്രകൾ. അറിഞ്ഞും  അന്വേഷിച്ചും ചെലവ് ചുരുക്കിയുമുള്ള യാത്രകൾ.


അങ്ങനെ ഓരോ യാത്രയും ഓരോ പഠനമായിരുന്നു. എടത്തനാട്ടുകര മഠത്തൊടി വീട്ടിൽ ബസ്ബസ് ഹാജീ തിത്തു ഹജുമ്മ ദമ്പതികളുടെ ആറാമത്തെ മകൻ സിബ്ഗത്ത് അങ്ങനെ എത്തിനിൽക്കുന്നത്  നാട്ടുകാരുടെ സന്തോഷ് കുളങ്ങര എന്ന വിളിപ്പേരിലാണ്. യാത്ര പോകുന്നവർക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു റോൾ മോഡലാണ് ഇദ്ദേഹം.
1984 ൽ ഇരുപത്തിമൂന്നാം വയസ്സിലാണ് സിബ്ഗത്ത്  മഠത്തൊടി തൊഴിൽ തേടി  ആദ്യമായി വിദേശത്ത് പോകുന്നത്. വിദേശ വിനോദ സഞ്ചാരത്തിനായി സിംഗപ്പൂർ  മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ചു. പിന്നീടാണ് സപ്താദ്ഭുതങ്ങൾ തേടിയുള്ള യാത്ര ആരംഭിക്കുന്നത്.
2014 ലാണ് വൻമതിൽ തേടിയുള്ള ചൈനാ യാത്ര. 2015 ലെ യൂറോപ്യൻ പര്യടനത്തിനിടയിൽ ഫ്രാൻസിലെ  ഈഫൽ ടവർ, ഇറ്റലിയിലെ പിസ ഗോപുരം, റോമിലെ കൊളോസിയം എന്നിവയും കണ്ടു. ഏറ്റവുമൊടുവിൽ 2020 ജനുവരിയിൽ നടത്തിയ യാത്രയിലാണ് ജോർദാനിലെ  പെട്ര, ഈജിപ്തിലെ പിരമിഡ് എന്നിവ സന്ദർശിക്കുന്നത്. 26 രാജ്യങ്ങളിൽ ഇദ്ദേഹം സന്ദർശനം പൂർത്തിയാക്കി.

സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഞങ്ങളുടെ തലമുറയിലെ ഒരാൾക്ക് ഇന്ത്യ വിട്ടുള്ള യാത്ര ഗൾഫിൽ ജോലി തേടിപ്പോകുമ്പോൾ മാത്രമാണ്. എനിക്കു ലഭിച്ച വിദേശ യാത്രാ അവസരങ്ങൾ ഞാൻ കഷ്ടപ്പെട്ട്  ഒരുക്കിയവ തന്നെയാണ്. അറ്റമില്ലാത്ത യാത്രകൾക്ക് കൈ മുതലായി ആത്മവിശ്വാസവും അടങ്ങാത്ത ആവേശവുമാണ് വേണ്ടത് എന്നതിന് ഉത്തമോദാഹരണമാണ് ഇദ്ദേഹം.
ആദ്യമായി പോകേണ്ട രാജ്യം, അവിടുത്തെ സന്ദർശക കേന്ദ്രങ്ങൾ, പോയിവരാനുള്ള ചെലവ് എത്ര? ഇതെല്ലാം  കണക്കാക്കപ്പെടുന്നു. അതിനു  ശേഷം അതിനായി  ശ്രമിച്ചുകൊണ്ടിരിക്കും. ഓരോ യാത്രക്കും കണക്കറ്റ തുക വേണമെന്നത് അറിയാതെ പറയുന്നതാണ്. ഒരു ചെറിയ മിച്ചം ദിവസം തോറും മാറ്റിവെക്കാനായാൽ ഏതു സാധാരണക്കാരനും ഒരു വിദേശ യാത്രക്ക് കഴിയും. 

 


ധാരാളം പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ വലുതാണ് ആഗ്രഹിച്ചും മോഹിച്ചുമുള്ള ഓരോ യാത്രയും. കുറച്ച് പണം ചെലവഴിക്കാനുളള മനസ്സ്, ഇത് ഉണ്ടെങ്കിൽ ആർക്കും ഒരു യാത്രികൻ ആവാം. ലോകം കണ്ടു പഠിക്കുന്നതിനേക്കാൾ വലിയൊരു പാഠവും വേറെയില്ലെന്നാണ് സിബ്ഗത്തിന്റെ അഭിപ്രായം. ഓരോരുത്തർക്കും അവർക്കറിയാവുന്ന വിധം ഈ മനോഹര ലോകത്തെ നോക്കിക്കാണാം. കാരണം ഓരോ യാത്രയും യാത്രാഅനുഭവവും  ഓരോ യാത്രികനിലും  വ്യത്യസ്തമായിരിക്കും.
ഒരിക്കൽ പോയ അനുഭവമല്ല പിന്നീട് അവിടെ വീണ്ടും എത്തുമ്പോൾ. എല്ലാം മാറുന്നു, രാജ്യങ്ങളും മാറുന്നു. ഒരു നാടിന്റെ കാഴ്ചകളും സംസ്‌കാരങ്ങളും മനസ്സിലാക്കണമെങ്കിൽ ആ നാടിന്റെ  ഉൾപ്രദേശങ്ങളിലേക്കിറങ്ങണം. കാണാൻ വിരളമായ ഇടങ്ങൾ കണ്ടിട്ടും അവയുടെ ചിത്രമെടുക്കുന്നതിനും വീഡിയോ ചെയ്യുന്നതിനും സിബ്ഗത്ത് ഉത്സാഹിക്കാറില്ല. ആസ്വാദനം തന്നെയാണ്  പ്രധാനമായി  കാണുന്നത്. 
നിറയെ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുന്ന രീതിയും ഇല്ല.  യാത്രകളുടെ തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ പോകാനായിരുന്നു കൂടുതൽ ആഗ്രഹം. എന്നാൽ ചില  സാങ്കേതിക കാരണങ്ങളാൽ അത്  ശരിയായില്ല...? 


ആദ്യമായി നമ്മൾ ഒരു ടൂറിസ്റ്റ് ആണ് എന്ന് കാണിക്കാൻ സാധിക്കണം. അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥൻ ആവണം.
അതുമല്ലെങ്കിൽ വലിയ പണക്കാർ, ബിസിനസുകാരൻ, എനിക്ക് ഇത് ഒന്നും ഇല്ല. അതുകൊണ്ട്  തന്നെ അത് നടന്നില്ല.
അതിനാൽ  ആദ്യ യാത്ര സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കായിരുന്നു.
ഓരോ രാജ്യത്തും വിവിധ തരം കാഴ്ചകളാണ്. അതുപോലെ വിവിധ തരം ഭക്ഷണങ്ങൾ, സംസ്‌കാരം, ശീലങ്ങൾ..
നമ്മൾ ഒരു ടൂറിസ്റ്റ് എന്ന നിലയിൽ ഓരോ രാജ്യത്തും  അവിടത്തെ പ്രധാന പട്ടണങ്ങൾ, അല്ലെങ്കിൽ അവിടെയുള്ള അപൂർവ കാഴ്ചകൾ എല്ലാമാണ് നോക്കുക. മിക്ക രാജ്യങ്ങളിലും ഇന്ത്യൻ റെസ്‌റ്റോറന്റുകൾ കാണാറുണ്ട്. മലയാളിയും കേരള ഭക്ഷണവും
കണ്ടുകിട്ടുമ്പോൾ  അത്രയും  സന്തോഷം തോന്നാറുണ്ട്.  ചിലപ്പോഴൊക്കെ ഒരു ട്രാവൽ ഗ്രൂപ്പിൽ ആയിരിക്കും യാത്ര ചെയ്യുന്നത്.
അവിടെ ലോകത്തിലെ പല രാജ്യങ്ങളിലും ഉള്ള ആളുകൾ കൂട്ടിനുണ്ടാകും.  ആഹാര സമയത്ത്  എല്ലാ നാട്ടുകാരും വരുന്നു,
വലിപ്പ ചെറുപ്പ ഭേദമില്ലാതെ ആഹാരത്തിനു മുമ്പിൽ എല്ലാവരും ഒരുമയോടെ ഇരിക്കും.
വൈവിധ്യം അംഗീകരിക്കുന്നതിനാൽ    പലപ്പോഴും പല തരം വിഭവങ്ങൾ ഉണ്ടായിരിക്കും. എല്ലാവർക്കും എല്ലാ ഭക്ഷണവും ഇഷ്ടപ്പെടണം എന്നില്ല. എങ്കിലും തനിക്കിഷ്ടമില്ലാത്ത ഭക്ഷണം മറ്റൊരാൾ കഴിക്കുന്നതിനോട്  നീരസം തോന്നാറില്ല.


പിന്നെ ആ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാവും. അത് മിക്കവാറും ബൊഫേ ആയിരിക്കും.
ലോകത്തിലെ ഏത് രാജ്യത്തും എല്ലാ ഹോട്ടലുകളിലും'ബ്രഡ് ഓംലറ്റ്' ഉണ്ടായിരിക്കും അതുകൊണ്ട് തന്നെ യാത്രയിൽ ഭക്ഷണം ഒരു പ്രശ്‌നമാവാറില്ല...!തീന്മേശയിൽ എല്ലാ വിഭവവും  ആഗോള ഭക്ഷണമാണ്.  പിന്നെ ശീലമുള്ള ഭക്ഷണം എന്നൊന്നില്ല. ഭക്ഷണത്തിന്റെ പ്രാധാന്യവും പോഷക ഗുണവും മനസ്സിലാക്കി കഴിക്കുന്നവരാണ് വിദേശികൾ.
ടൂറിസം വികസനത്തിനും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും  വൈവിധ്യമാർന്ന തന്ത്രങ്ങളാണ് വിദേശ രാജ്യങ്ങൾ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികൾക്ക് മോശമായ അനുഭവം ഉണ്ടാകാനിടയില്ല. നാട് കാണാനെത്തുന്നവരുടെ സുരക്ഷക്കായി അവർ സ്വീകരിച്ചിട്ടുള്ള സഹായ സെല്ലുകൾ നമുക്കൊരു സുരക്ഷിതത്വം നൽകും. ദീപാലാങ്കാര പ്രഭയിൽ വെട്ടിത്തിളങ്ങുന്ന ഷോപ്പിംഗ് മാളുകളും കട്ടൗട്ടുകളും രാജകീയമായ റോഡുകളും മാത്രമല്ല സഞ്ചരികൾക്ക് മാത്രമായി ഒരുക്കുന്ന സൗകര്യങ്ങളുമാണ് ടൂറിസം മറ്റു നാടുകളിൽ സ്വീകാര്യമാക്കുന്നത്.
ടൂറിസം എന്ന ലോക വിപണിയിൽ ഓരോരുത്തരും സ്വന്തം നാടിന്റെ പ്രതിനിധിയാണെന്ന് അവർക്കറിയാം. അവരുടെ പെരുമാറ്റം ആ നാടിന്റെ ചിത്രം എന്തെന്ന് നമുക്ക് കാണിച്ചു തരും. മനുഷ്യന്റെ വൈവിധ്യമാർന്ന ജീവിതവും ആചാരവും അടുത്തറിയാൻ യാത്രകൾ  ഉപകരിക്കുന്നു.
ഓരോ ജീവിത രീതിയും കൃഷി രീതിയും സംസ്‌കാരവും വ്യത്യാസപ്പെട്ടിരിക്കുമ്പോഴും അടിസ്ഥാനപരമായി എല്ലാവരും പച്ചയായ മനുഷ്യരാണ്. ഭൂമിയിൽ മനുഷ്യന്റെ നിസ്സാരത തൊട്ടറിഞ്ഞ് എല്ലാവരെയും ഒന്നായി കാണാൻ യാത്രകൾ നമ്മെ പ്രേരിപ്പിക്കുന്നു. പല രാജ്യങ്ങളും കണ്ട് കൊതി തീരാത്തതാണ്. ഹോങ്കോങ് എന്നെ സ്വാധീനിച്ച രാജ്യങ്ങളിൽ ഒന്നാണ്. അവിടേക്ക്  അവസരം കിട്ടിയാൽ ഒന്നു കൂടി പോവണം എന്നുണ്ട്.
തനിമയുള്ള ഇടനാഴികളും  ആഘോഷ രാവുകളും സന്തോഷിച്ചു കൊണ്ടിരിക്കുന്ന ഒരു ജനസമൂഹവും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നു. 
   കേരളത്തിന്റെ പ്രകൃതി ശാലീനത നാം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. അലസമായി  കിടക്കുന്ന ഒരു ഭൂപ്രദേശമാണെന്ന് പറയാം. കേരളത്തിനു  ടൂറിസത്തിന്റെ സാധ്യത അനന്തമാണ്. പക്ഷേ അതിന് ആദ്യം വേണ്ടത് മാലിന്യമുക്ത നാട് എന്ന ആശയം തന്നെയാണ്.


സമാനതകളില്ലാത്ത ഒരു നാടാണ്  കേരളം. ആ മഹനീയത നാം തിരിച്ചറിയുന്നില്ല. സ്വാഭാവിക സൗന്ദര്യമാണ് ദൈവത്തിന്റെ നാടിന്റെ പ്രത്യേകത. അത് നാം സംരക്ഷിക്കുന്നില്ല. എന്നു മാത്രമല്ല അനുദിനം നശിപ്പിക്കുകയാണ്. കേരളത്തിൽ ഏതു കാലാവസ്ഥയിലും സുഖമായി ജീവിക്കാം. മറ്റു പലയിടത്തും വളരെ ബുദ്ധിമുട്ടാണ്. പല രാജ്യത്തും ഓരോ കാലാവസ്ഥക്കും ഓരോ തരം വസ്ത്രങ്ങളാണ്. ആഹാരവും വസ്ത്രവും കാലാവസ്ഥ ഏതെന്നു നോക്കാതെയും ജീവിക്കാൻ കഴിയുന്ന ഭൂപ്രദേശമാണിത്. കേരളത്തിന്റെ മറ്റൊരു പ്രത്യേകത നെറ്റ് വർക്ക് കവറേജ് ആണ്.
പുഴയും കനാലും കൈത്തോടും കണ്ടൽക്കാടുകളും അപൂർവ ജീവികളും പക്ഷിയിനങ്ങളുമുള്ള ഈ ഹരിത ഭൂമി വിനോദ സഞ്ചാര മേഖലക്ക്  തുറന്നിടുന്ന വിധം അണിയിച്ചൊരുക്കുന്നില്ല. ഗ്രാമീണ ശാലീനത ഇന്നും കൈവിടാതെ നിൽക്കുന്ന ഉൾനാടൻ പ്രദേശങ്ങൾ. പ്രകൃതി തന്നെ സഞ്ചാരികളുടെ മനംകവരാനുള്ള ദൃശ്യപ്പൊലിമ ഇവിടെ  ഒരുക്കിയിട്ടുണ്ട്. 
   എന്റെ യാത്രകളിൽ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചകൾ പലതുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 'ാചാവുകടൽ' അതുപോലെ വെനീസിലെ ജലയാത്രകൾ, ജോർദാനിൽ നിന്നും ഈജിപ്തിലേക്കുള്ള കപ്പൽ യാത്ര, ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ  ഇതെല്ലാം ഓർക്കാനിഷ്ടപ്പെടുന്ന യാത്രാ മുഹൂർത്തങ്ങളാണ്. യാത്രയിലെ അടുത്ത സ്വപ്‌നം  അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടമാണ്. പൗരാണികവും ചരിത്രപ്രസിദ്ധവുമായ ആശ്ചര്യങ്ങളോടൊപ്പം പ്രകൃതിവിഭവങ്ങളെല്ലാം തനതു ശോഭയോടെ കാത്തുവെച്ചിരിക്കുന്ന അനവധി ലക്ഷ്യസ്ഥാനങ്ങൾ ഇന്ത്യയിൽ തന്നെ ഇനിയും കാണാനുണ്ട്.  ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. സുന്ദരമാണ്
ഇന്ത്യൻ കാഴ്ചകൾ.  യാത്രകൾ  ആഗ്രഹം മാത്രമായി ഒതുക്കാൻ സിബ്ഗത്ത് ഒരുക്കമല്ല. ഇഷ്ടമുളള ദിക്ക് തേടി യാത്ര നടത്താൻ രാവും പകലും വെയിലും മഴയും സിബ്ഗത്തിനു തടസ്സമല്ല. വിശാലവും വിജനവുമായ സ്ഥലങ്ങളിലേക്ക് സിബ്ഗത്തിന്റെ  ചെലവില്ലാ യാത്രകൾ
ഇനിയും ആരംഭിക്കാനിരിക്കുന്നേയുള്ളൂ. സാജിതയാണ് ഭാര്യ. നാല് മക്കൾ: ആദിൽ, അഫ്‌സാൻ, അബിദൽ, തിത്തുമോൾ.

Latest News