എന്‍.സി.ബി ഉദ്യോഗസ്ഥരുമായി ധാരണയില്ല, ആരോപണങ്ങളില്‍ പങ്കില്ല- ആര്യന്‍ ഖാന്‍ കോടതിയില്‍

മുംബൈ- എന്‍.സി.ബി ഉദ്യോഗസ്ഥരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേക്ക് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യന്‍ ഖാന്‍ പറഞ്ഞു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സമീര്‍ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകര്‍ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല- ആര്യന്‍ ഖാന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള എന്‍.സി.ബിയുടെ വാദത്തിന്റെ തുടര്‍ച്ചയായാണ് ആര്യന്‍ ഖാന്‍ സത്യവാങ്മൂലം നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേക്ക് എതിരെ മഹാരാഷ്ട്ര എന്‍.സി.പി മന്ത്രി നവാബ് മാലിക് ഉയര്‍ത്തുന്ന ആരോപണങ്ങളിലോ എന്‍.സി.പിയും ശിവസേനയും ഈ കേസിനെതിരെ ഉയര്‍ത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലോ തനിക്ക് ഒരു പങ്കുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ഹൈക്കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.സി.ബി ആരോപിച്ചത്.

 

Latest News