എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കാനാവില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി ബസ് കുറവുള്ള മേഖലകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സ്‌കൂള്‍ തുറക്കുന്നതോടെ അധികമായി 650 ബസുകള്‍കൂടി കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറന്നാലും സംസ്ഥാനത്തെ മൂന്നില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കൂളുകളില്‍ എത്താനാവുകയുള്ളൂ. അവര്‍ക്ക് സ്‌കൂളുകളിലെത്താനുള്ള സൗകര്യം നിലവില്‍ ഒരുക്കിയിട്ടുണ്ട്. ആശങ്കകള്‍ക്ക് ഇടമില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെ.എസ.്ആര്‍.ടി.സി ബസിന്റെ ശേഷിയുടെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കും.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുറവുള്ള  മേഖലകളില്‍ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 25 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും കണ്‍സഷന്‍. ഇത് പ്രിന്‍സിപ്പലിന്റെ ശുപാര്‍ശ്ക്ക് അനുസരിച്ച് നല്‍കും. എല്ലാവര്‍ക്കും കണ്‍സഷന്‍ നല്‍കിയാല്‍ പിന്നെ കണ്‍സഷന്‍ മാത്രമെ കാണുകയുള്ളൂ, ബസ് കാണില്ലെന്നും മന്ത്രി പറഞ്ഞു.
ആയിരം സ്വകാര്യ സ്‌കൂളുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ ബസുകള്‍ക്ക് രണ്ടുവര്‍ഷത്തെ നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

 

Latest News