കുമളി- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ മുന്‍കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. സ്പില്‍വേയില്‍നിന്ന് വെള്ളം ഒഴുക്കിവിടുമ്പോള്‍ കടന്നു പോകുന്നയിടങ്ങളില്‍ നിന്നായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം എന്നാണ് കണക്ക്. പീരുമേട് താലൂക്കിലെ മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍,നകാഞ്ചിയാര്‍ ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടത്. നിലവിലെ സാഹചര്യങ്ങള്‍ പ്രതികൂലമല്ലെങ്കിലും അണക്കെട്ടില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുകയാണെങ്കില്‍ മുഴുവന്‍ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനാണ് തയാറെടുപ്പുകള്‍.
ഒഴിപ്പിക്കലിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ യോഗം ചേര്‍ന്നു. റവന്യൂ, പോലീസ്, വനം, കെ.എസ്.ഇ.ബി, തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
വയോധികര്‍, അംഗപരിമിതര്‍, കോവിഡ് ബാധിതര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാമ്പുകള്‍ ഒരുക്കേണ്ട സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുകഴിഞ്ഞു. ഓരോ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ മുന്‍കരുതലുകളും യോഗം വിലയിരുത്തി.
മുല്ലപ്പെരിയാറില്‍നിന്നു സ്പില്‍വേ വഴി വെള്ളം ഒഴുക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഷീബാ ജോര്‍ജ് അറിയിച്ചു. മൊബൈല്‍ റേഞ്ച് ഉറപ്പുവരുത്തുന്നതിനായി ബി.എസ്.എന്‍.എല്ലിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ താല്‍ക്കാലിക ടവറുകള്‍ സ്ഥാപി്ക്കണം. നദീതീരത്ത് താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.