കശ്മീരികളോട് രോഷം വേണ്ട, വിരാട് കോഹ് ലിയെ മാതൃകയാക്കണം-മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നേടിയ വിജയത്തെ ആ സ്പിരിറ്റിലെടുക്കണമെന്ന് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി.
നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും വിരാട് കോഹ്‌ലി ചെയ്തതുപോലെ യഥാര്‍ഥ സ്പിരിറ്റിലെടുക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. പാക് വിജയം കശ്മീരികള്‍ ആഘോഷിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം തുടരുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
പഞ്ചാബിലെ സംഗൂര്‍ ജില്ലയിലുള്ള ഭായി ഗുരുദാന്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനക്കാരായ വിദ്യാര്‍ഥികളും കശ്മീരി വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ക്രിക്കറ്റ് മാച്ചിനു ശേഷം ഉയര്‍ന്ന മുദ്രാവാക്യങ്ങളാണ് കാരണമെന്ന് പോലീസ് പറയുന്നു.
പാക് വിജയം ആഘോഷിച്ചതിന്റെ പേരില്‍ എന്തിനാണ് ഇത്രമാത്രം രോഷമെന്ന് മെഹ്ബൂബ ചോദിച്ചു. ദേശദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്നാണ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയപ്പോള്‍ മിഠായി വിതരണം ചെയ്ത് ആഘോഷിച്ച കാര്യം മറന്നുപോകരുതെന്നും മെഹ്ബൂബ പറഞ്ഞു.

 

Latest News