Sorry, you need to enable JavaScript to visit this website.

മനോരോഗിയെ പാമ്പുകടിപ്പിച്ചു കൊന്ന് സ്വന്തം മരണമായി ചിത്രീകരിച്ചു; 5 കോടി ഡോളര്‍ തട്ടാനുള്ള പ്രവാസിയുടെ നീക്കം പൊളിഞ്ഞു

പൂനെ- മനോരോഗിയായ ഒരാളെ പാമ്പിനെ കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമായി ചിത്രീകരിച്ച് യുഎസ് കമ്പനിയില്‍ നിന്നും അഞ്ച് കോടി യുഎസ് ഡോളര്‍ ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കാന്‍ 54കാരന്‍ നടത്തിയ മരണ നാടകം പൊളിഞ്ഞു. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവം. മുഖ്യപ്രതി പ്രഭാകര്‍ വാഗ്‌ചോരെ, സഹായികളായ നാലു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മനോരോഗിയായ 50കാരനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഏപ്രിലിലായിരുന്നു കൊലപാതകം. 20 വര്‍ഷത്തോളം യുഎസില്‍ കുടുംബസമേതം കഴിഞ്ഞ പ്രഭാകര്‍ ഈ വര്‍ഷം ജനുവരിയിലാണ് തിരിച്ച് ഇന്ത്യയിലെത്തിയത്. ഒരു അമേരിക്കന്‍ കമ്പനിയില്‍ നിന്ന് 50 ലക്ഷം ഡോളറിന്റെ ഇന്‍ഷൂറന്‍സ് പോളിസിലും ഇയാള്‍ എടുത്തിരുന്നു. 

നാട്ടിലെത്തിയ പ്രഭാകര്‍ ഭാര്യയുടെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത് ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കാന്‍ മനോരോഗിയായ ഒരാളെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഇതിനായി സന്ദീപ് തലെകര്‍, ഹര്‍ഷദ് ലഹമഗെ, ഹരിഷ് കുലാല്‍, പ്രശാന്ത് ചൗധരി എന്നിവരേയും പണം വാഗ്ദാനം ചെയ്ത് കൂടെ കൂട്ടുകയായിരുന്നു. അഹമദ്‌നഗറിലെ ധമന്‍ഗാവില്‍ താമസിച്ചിരുന്ന പ്രഭാകര്‍ കൊലപാതകം നടത്താനായി രജുര്‍ എന്ന ഗ്രാമത്തിലെത്തി വാടകവീടെടുത്ത് താമസിച്ചു. പിന്നീട് പ്രഭാകറും സംഘം ഒരു വിഷപ്പാമ്പിനെ സംഘടിപ്പിച്ചു. ശേഷം മനോരാഗിയായ ഒരാളെ കൊണ്ടു വന്ന് പാമ്പിനെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ സംഘം ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റെന്നായിരുന്നു നല്‍കിയ വിവരം. രോഗിയുടെ പേരായി പ്രഭാകര്‍ വാഗ്‌ചോരെ എന്നു നല്‍കുകയും ചെയ്തു. തങ്ങള്‍ പ്രഭാകറിന്റെ ബന്ധുക്കളാണെന്നും പ്രതികള്‍ പറഞ്ഞു. പിന്നീട് യുഎസില്‍ നിന്ന് തിരിച്ചെത്തി ഇവിടെ താമസമാക്കിയ പ്രഭാകറിന്റെ കഥയും ഇവര്‍ അധികൃതരോട് പറഞ്ഞു. നാടക കൊലപാതകം ഭംഗിയായ പൂര്‍ത്തിയാക്കിയ സംഘം പ്രഭാകറിന്റെ മരണ സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി. ഇതു പിന്നീട് പ്രഭാകറിന്റെ മകന്‍ രേഖകള്‍ക്കൊപ്പം യുഎസ് കമ്പനിയിലേക്കയച്ചു. ഇതിനിടെ മരിച്ചയാളുടെ അന്ത്യകര്‍മങ്ങളെല്ലാം പ്രഭാകറിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. 

പ്രഭാകര്‍ നേരത്തെയും കമ്പനിയെ പറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിനാല്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് പ്രഭാകര്‍ മരിച്ചിട്ടില്ലെന്നും മറ്റൊരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിഞ്ഞത്. കമ്പനി അന്വേഷണ സംഘത്തെ ഇന്ത്യയിലേക്കയച്ചാണ് പരിശോധന നടത്തിയത്. ഇവരുടെ അന്വേഷണത്തിലാണ് വ്യാജ മരണവും മനോരോഗിയുടെ കൊലപാതകവും പുറത്തു വന്നത്. പ്രഭാകറിനെ ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

Latest News