അപാര്‍ട്ട്‌മെന്റില്‍ തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയിലെ ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് വന്‍ അഗ്നിബാധയുണ്ടായത്. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. മൂന്ന് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒരു മുറിയില്‍ നിന്നാണ് നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കടുത്ത പുക കാരണം ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കരുതപ്പെടുന്നു. ഹോരിലാല്‍ (55), ഭാര്യ റീന (55), മകന്‍ അഷു (24), മകള്‍ രോഹിണി (18) എന്നിവരാണ് മരിച്ചത്. താഴെ നിലയില്‍ കിടന്നുറങ്ങിയിരുന്ന മറ്റൊരു മകന്‍ 22കാരനായ അക്ഷയ് രക്ഷപ്പെട്ടു. കൊതുകിനെ തുരത്താന്‍വച്ച കോയിലില്‍ നിന്ന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമികാന്വേഷണം പറയുന്നു. 

മരിച്ച ഹോരിലാല്‍ ശാസ്ത്രി ഭവനില്‍ ജീവനക്കാരനായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് ദുരന്തം. റീന ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജീവനക്കാരിയാണ്.

Latest News