Sorry, you need to enable JavaScript to visit this website.

ആര്യന്‍ കേസില്‍ വീണ്ടും ട്വിസ്റ്റ്: യുപിയില്‍ കീഴടങ്ങുമെന്ന് മുങ്ങിയ ഗോസാവി; സമീര്‍ വാങ്കഡെ ദല്‍ഹിയിലെത്തി

മുംബൈ- ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംശയത്തിന്റെ നിഴലിലായതിനു പിന്നാലെ നാടകീയ നീക്കങ്ങള്‍. കേസില്‍ ബിജെപി ഏജന്റുമാര്‍ ഇടപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെ മുങ്ങിയ മുഖ്യ സാക്ഷി കെ പി ഗോസാവി താന്‍ ലഖ്‌നൗവില്‍ യുപി പോലീസിനു മുമ്പാകെ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. കേസില്‍ ആര്യന്‍ ഖാനെ രക്ഷപ്പെടുത്താന്‍ ഷാരൂഖ് ഖാനില്‍ നിന്നും 18 കോടി രൂപ വാങ്ങുമെന്നും ഇതില്‍ എട്ടു കോടി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കുള്ളതാണെന്നും ഗോസാവി പറയുന്നത് കേട്ടു എന്ന അദ്ദേഹത്തിന്റെ അംഗരക്ഷനും കേസിലെ മറ്റൊരു സാക്ഷിയുമായ പ്രഭാകര്‍ സെയ്‌ലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഗോസാവി രംഗത്തെത്തിയത്. സ്വകാര്യ കുറ്റാന്വേഷകനായ കിരണ്‍ പി ഗോസായിക്കെതിരെ മഹാരാഷ്ട്രയില്‍ നാലു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പുനെ പോലീസ് ഈയിടെ അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

അതിനിടെ കോഴ ആരോപണ വിധേയനായ എന്‍സിബി സോണല്‍ ഡയറക്ടറും ലഹരിപ്പാര്‍ട്ടി റെയ്ഡിനു നേതൃത്വം നല്‍കി ഹിറോ ആകുകയും ചെയ്ത സമീര്‍ വാങ്കഡെ മുംബൈയില്‍ നിന്നും തിരക്കിട്ട് ദല്‍ഹിയിലെത്തി. സമീര്‍ വാങ്കഡെക്ക് എട്ടു കോടി നല്‍കുമെന്ന് കേട്ടതായുള്ള സാക്ഷിയുടെ വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. തനിക്കെതിരെ അജ്ഞാതരായ ചിലര്‍ തിടുക്കപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നുണ്ട് എന്നായിരുന്നു വാങ്കഡെ പറഞ്ഞത്. ദല്‍ഹിയില്‍ വിളിപ്പിച്ചിട്ടു വന്നതല്ലെന്നും ജോലി ഭാഗമായി മറ്റൊരു ആവശ്യത്തിന് വന്നതാണെന്നും വാങ്കഡെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേസില്‍ വഴിത്തിരിവായേക്കുന്ന ഗോസാവിക്കും സമീര്‍ വാങ്കഡെയ്ക്കുമെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി പ്രഭാകര്‍ സയിലിന് പോലീസ് സംരക്ഷണം നല്‍കുമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പറഞ്ഞു.

Latest News