അറൂസ അലം പ്രമുഖര്‍ക്കൊപ്പം, ചിത്രങ്ങള്‍ പുറത്തുവിട്ട് അമരീന്ദര്‍

ന്യൂദല്‍ഹി- പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സുഹൃത്തായ പാക് പ്രതിരോധ ജേണലിസ്റ്റ് അറൂസ അലമിന് പ്രതിരോധം തീര്‍ത്തുകൊണ്ടാണ് ക്യാപ്ടന്‍ രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രി അശ്വനി കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ അലമിന്റെ പത്തിലധികം ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ക്യാപ്റ്റന്റെ മറുപടി. 'ഇവരെല്ലാം ഐ.എസ്.ഐയുടെ കോണ്‍ടാക്റ്റുകളാണെന്ന് ഞാന്‍ കരുതുന്നു' എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

'പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ ആലമിന്റെ ചിത്രങ്ങളുടെ ഒരു പരമ്പര ഞാന്‍ പോസ്റ്റ് ചെയ്യുന്നു. ഇവരെല്ലാം ഐ.എസഐയുമായി ബന്ധമുള്ളവരാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ പറയുന്നവര്‍ സംസാരിക്കുന്നതിന് മുമ്പ് എന്താണ് സംസാരിക്കുന്നതെന്ന് ചിന്തിക്കണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സഞ്ചരിക്കാനുള്ള വിസ നിരോധിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ഞാന്‍ അവരെ വീണ്ടും ഇവിടേക്ക് ക്ഷണിച്ചേനേ എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമരീന്ദര്‍ പരിഹസിക്കുന്നത്.

 

Latest News