Sorry, you need to enable JavaScript to visit this website.

ബാറുകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന 35 ലക്ഷം രൂപയുമായി ഏജന്റുമാര്‍ പിടിയില്‍

പാലക്കാട് - ബാറുകള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് ഹൈദരാബാദില്‍  നിന്നു പണവുമായെത്തിയ മദ്യക്കമ്പനി ഏജന്റുമാര്‍ പിടിയില്‍. രേഖകളില്ലാതെ 35 ലക്ഷം രൂപയുമായി വന്ന ഏജന്റുമാരെയാണ് പാലക്കാട് ആര്‍.പി.എഫ് പിടികൂടിയത്.

ഹൈദരാബാദില്‍നിന്നു ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ശബരി എക്‌സ്പ്രസില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ ബാഗിലൊളിപ്പിച്ച് കടത്തിയ പണം കണ്ടെത്തിയത്. സംഭവത്തില്‍ ഹൈദരാബാദ് സോലാപൂര്‍ സ്വദേശികളായ രാജു ഗൗഡ്, സായികൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.  ശബരി എക്‌സ്പ്രസില്‍ സെക്കന്റ് എ.സി കംപാര്‍ട്ട്‌മെന്റിലായിരുന്നു ഇവര്‍ പണം കടത്തിയിരുന്നത്.

പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതികളെയും തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരീഡിയന്‍ മാര്‍ക്കറ്റിംഗ് എന്ന കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായവര്‍. ഇവര്‍ കേരളത്തില്‍ വിപണനം നടത്തുന്ന മദ്യം കൂടുതലായി വില്‍ക്കുന്ന ബാറുകള്‍ക്ക് കമ്മീഷന്‍ നല്‍കി വരാറുണ്ട്. സംസ്ഥാനത്തെ എല്ലാ ബാറുകള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

Latest News