ദൂരപരിധി: പാറമട ഉടമകള്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- കേരളത്തില്‍ വീടുകളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ പാറമടകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശത്തിനെതിരേ ക്വാറി ഉടമകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ തന്നെ സമീപിക്കാമെന്ന് സുപ്രീംകോടതി. ക്വാറി ഉടമകളും പുതിയ പാറമടകളുടെ നടത്തിപ്പിനായി അപേക്ഷ നല്‍കിയിരിക്കുന്നവരും ദൂരപരിധി നിര്‍ദേശം ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹരജികള്‍ സുപ്രീംകോടതി തള്ളി. പാറമടകള്‍ വീടുകളില്‍ നിന്ന് 200 മീറ്റര്‍ അകലെ ആയിരിക്കണമെന്ന നിര്‍ദേശം പുതിയ ക്വാറി അപേക്ഷകള്‍ക്കും ബാധകമാണെന്നായിരുന്നു ഹൈക്കോടതി വിധി.
പരാതി ഉന്നയിച്ചു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളില്‍നിന്നുള്ള ദൂരപരിധി നേരത്തെ 50 മീറ്റര്‍ ആയിരുന്നത് ഹരിത ട്രൈബ്യൂണല്‍ 200 മീറ്ററാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍, ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാനാകില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാല്‍, ഹൈക്കോടതി ഹരിത ട്രൈബ്യൂണലിന് അധികാരം ഉണ്ടെന്ന് വ്യക്തമാക്കി ദുരപരിധി നിയന്ത്രണം ശരി വെക്കുകയായിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരായ വ്യക്തിഗത എതിര്‍പ്പുകള്‍ ട്രൈബ്യൂണലിന്റെ മുന്നില്‍ തന്നെ അവതരിപ്പിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. എതിര്‍പ്പുള്ളവര്‍ക്ക് പ്രാഥമികമായി അനുവദനീയമായ നിയമപരിധിക്കുള്ളില്‍ നിന്ന് അവ ട്രൈബ്യൂണലിന് മുന്നില്‍ തന്നെ ഉന്നയിക്കാമെന്നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.  
ഇത്തരം എതിര്‍പ്പുകള്‍ കേള്‍ക്കുന്ന കാര്യം പരിഗണിക്കണമെന്നും അവ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ ഉള്ള കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങളിന്‍മേലുള്ള എതിര്‍പ്പുകള്‍ക്ക് ട്രൈബ്യൂണലില്‍  പരിഹാരം ഉണ്ടായില്ലെങ്കില്‍ പരാതിക്കാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

 

 

Latest News