ന്യൂദല്‍ഹി- രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് 11 ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളിജീയത്തിന്റെ ശുപാര്‍ശ നടപ്പാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹരജി. കൊളീജിയത്തിന്റെ നിര്‍ദേശം മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എന്ന് ചൂണ്ടിക്കാട്ടി ബംഗളുരു അഭിഭാഷക അസോസിയേഷനാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി കൊളീജിയം, ജഡ്ജിമാരുടെ പേര് നിര്‍ദേശിച്ചാലുടന്‍ നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കണം. പിന്നാലെ ഈ ശുപാര്‍ശ എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറണം. തുടര്‍ന്നാണ് കൊളീജിയം നിര്‍ദേശിക്കുന്നത്. നിര്‍ദേശം നടപ്പാക്കുന്നതില്‍ വിമുഖതയുണ്ടെങ്കില്‍ വ്യക്തമായ കാരണം സഹിതം സുപ്രീംകോടതിക്ക് തിരിച്ചയക്കണം.
പുനപ്പരിശോധനക്ക് ശേഷം കൊളീജിയം നിര്‍ദേശത്തില്‍ ഉറച്ചു നില്‍ക്കുന്നു എങ്കില്‍ മൂന്നു മുതല്‍ നാല് ആഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത പതിനൊന്നു ജഡ്ജിമാരുടെയും നിയമനം വൈകിപ്പിക്കുന്നത് കോടതിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ഹരജിക്കാര്‍ ആരോപിച്ചു.






