Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി സൂചികയിൽ 'ദീപാവലി വെടിക്കെട്ട്''        

 
ഇന്ത്യൻ ഓഹരി സൂചിക ദീപാവലി വേളയിലെ വെടിക്കെട്ടിന് തയാറെടുക്കുന്നു. ഉത്സവ വേളയിൽ നിറപ്പകിട്ടാർന്ന കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ പ്രാദേശിക നിക്ഷേപകർ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചു. വാരാരംഭത്തിൽ റെക്കോർഡ് പ്രകടനം നടത്തിയ ബോംബെ സെൻസെക്‌സും നിഫ്റ്റിയും പിന്നീട് ഫണ്ടുകളുടെ പ്രോഫിറ്റ് ബുക്കിങിൽ ആടി ഉലഞ്ഞതോടെ ബി എസ് ഇ 484 പോയന്റും നിഫ്റ്റി 223 പോയന്റും പ്രതിവാര നഷ്ടത്തിലായി.  

 റെക്കോർഡ് കുതിപ്പിൽ 18,604 പോയന്റ് വരെ മുന്നേറിയ ആത്മവിശ്വാസത്തിലാണ് നിഫ്റ്റി. സൂചികയുടെ തിളക്കം കണ്ട് ആഭ്യന്തര വിദേശ ഫണ്ടുകൾ സംഘടിതരായി വിൽപനക്കാരായത് വിപണിയെ പിന്നീട് പിടിച്ച് ഉലച്ചു. സാങ്കേതിക തിരുത്തൽ തുടരാനുള്ള സാധ്യത തളിക്കളയാനാവില്ലെങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയ  നിക്ഷേപത്തിന് അവസരം കണ്ടത്താനാവുമെന്ന പ്രതീക്ഷയിൽ കഴുകൻ കണ്ണുകളുമായി ഫണ്ട് മാനേജർമാർ വിപണിക്ക് മുകളിൽ വട്ടമിട്ട് പറക്കുകയാണ്.    
     വിദേശ ഓപറേറ്റർമാർ തിങ്കളാഴ്ച 512 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, എന്നാൽ പിന്നീടുള്ള നാല് ദിവസങ്ങളിൽ അവർ വിൽപനക്കാരുടെ മേലങ്കി അണിഞ്ഞു. മൊത്തം 7866 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 5963 കോടി രൂപയുടെ വിൽപനയും 1458 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വാരവും വിദേശ ഇടപാടുകാർ വിൽപനക്കാരായി നിലകൊണ്ടാൽ സൂചികയിലെ ചാഞ്ചാട്ടം ശക്തമാകും. 
    ബോംബെ സെൻസെക്‌സ് 61,305 പോയന്റിൽ നിന്ന് സർവകാല റെക്കോർഡായ 62,251 വരെ കയറി കരുത്ത് പ്രദർശിപ്പിച്ചതിനിടയിൽ ഫണ്ടുകൾ നടത്തിയ പ്രോഫിറ്റ് ബുക്കിങിൽ സൂചിക 60,641 ലേയ്ക്ക് തളർന്നെങ്കിലും വാരാന്ത്യം 60,821 പോയന്റിലാണ്. ഈ വാരം വിപണിക്ക് 61,830 ൽ ആദ്യ പ്രതിരോധമുണ്ട്. അതേ സമയം 60,226 ലെ താങ്ങ് നിലനിർത്താനായാൽ 62,839 നെ ലക്ഷ്യമാക്കി സൂചിക നീങ്ങാം. നവംബർ നാലിനാണ് ദീപാവലി, ഈ അവസരത്തിലെ മുഹൂർത്ത വ്യാപാരത്തെ ഉറ്റുനോക്കുകയാണ് വിപണി. 

   നിഫ്റ്റി 18,338 ൽ നിന്ന് ഏക്കാലത്തെയും ഉയർന്ന തലമായ 18,604 വരെ കുതിച്ച ശേഷം 18,043 ലേയ്ക്ക് തളർന്നെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 18,114 പോയന്റിലാണ്. സൂചികയിലെ തകർച്ചയ്ക്ക് ഇടയിൽ കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്ന 18,033 ലെ സപ്പോർട്ട് വിപണിക്ക് താങ്ങ് പകർന്നതിനൊപ്പം താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഇടപാടുകാർ അവസരം കണ്ടത്തി.
    സാങ്കേതികമായി വിപണിയെ വീക്ഷിച്ചാൽ 17,904 പോയന്റ് നിർണായകമാണ്. ഈ സപ്പോർട്ട് നിലനിർത്തുന്നതിൽ നിഫ്റ്റി കൈവരിക്കുന്ന വിജയത്തെ ആസ്പദമാക്കിയാവും മുന്നോട്ടുള്ള ഓരോ കുതിപ്പും. നിലവിൽ സൂചികയ്ക്ക് 18,464 18,813 ലേയ്ക്കും ഉയരാനുള്ള കരുത്തുണ്ട്.
 മുൻനിര ഓഹരികളായ ഐ റ്റി സി, എച്ച് യു എൽ, ഹിൻഡാൽകോ, ഡോ. റെഡീസ്, സിപ്ല,  സൺ ഫാർമ, എം ആന്റ് എം, മാരുതി, ബജാജ് ഓട്ടോ, ആർ ഐ എൽ, റ്റി സി എസ്, ബി പി സി എൽ, കോൾ ഇന്ത്യാ തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു. അതേ സമയം വാങ്ങൽ താൽപര്യത്തിൽ എച്ച് ഡി എഫ് സി, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഇൻഫോസീസ്, എൽ ആന്റ് റ്റി, എയർടെൽ ഓഹരി വിലകൾ ഉയർന്നു.
    വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂലം ഉയർന്നു. രൂപ 75.03 ൽ നിന്ന് 75.14 ലേയ്ക്ക് വാരാരംഭത്തിൽ ദുർബലമായെങ്കിലും പിന്നീട് 74.99 ലേയ്ക്ക് ശക്തി പ്രാപിച്ചു. ഈ വാരം വിനിമയ നിരക്ക് 74.33 75.64 റേഞ്ചിൽ സഞ്ചരിക്കാം. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ്ഓയിൽ വില വീണ്ടും മുന്നേറി. ബാരലിന് 84 ഡോളറിൽ നിന്ന് എണ്ണ വില 86 ഡോളറായി. 


 

Latest News