മക്കളെക്കൊണ്ട്  വലഞ്ഞ നേതാക്കൾ

പൊതുപ്രവർത്തകർ അവരുടെ മക്കളെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടെന്നോ, ജോലിക്കായി വിദേശത്തേക്ക് അയക്കേണ്ടന്നോ ഇല്ല. സാമൂഹിക, രാഷ്ടീയ പ്രവർത്തകരായതിനാൽ അവർ നാട്ടിലോ, വിദേശത്തോ വ്യാപാര, വാണിജ്യ ഇടപാടുകളിൽ ഏർപ്പെടാൻ പാടില്ലെന്നുമില്ല. എല്ലാവരും ചെയ്യും പോലെ അവർക്കും അതിനുള്ള അവകാശമുണ്ട്. പക്ഷേ, പ്രശ്‌നം ഉണ്ടാക്കുന്നത് വാക്കും പ്രവൃത്തിയും തമ്മിൽ യോജിക്കാതെ വരുമ്പോഴാണ്. ഒന്നു പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുക എന്നത് പൊതുപ്രവർത്തകരുടെ പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ സ്വഭാവമായി മാറിയ സാഹചര്യത്തിലാണ് ഇത് ചോദ്യം ചെയ്യപ്പെടുന്നത്. 
ഇന്നിപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഗൾഫിലെ മക്കത്തായം. പൊതുപ്രവർത്തകർ തങ്ങളുടെ അനധികൃത സമ്പാദ്യത്തിന് എന്നും മറപിടിച്ചിട്ടുള്ളത് ഗൾഫിലെ ഇടപാടുകളെയാണ്. അതു നേരിട്ടും ബിനാമി വഴിയും മക്കൾ വഴിയുമെല്ലാം ചെയ്യാറുണ്ട്. അധികവും ബിനാമിയും മക്കൾ വഴിയുമാണ്. നേരത്തെ വിദേശത്ത് ജോലി ചെയ്യുകയും കഠിനാധ്വാനം കൊണ്ട് പടുത്തുയർത്തിയ സമ്പാദ്യത്തിന്റെ ബലത്തിൽ നാട്ടിലെത്തി ചില പൊടിക്കൈകളുടെ ഫലമായി രാഷ്ട്രീയ നേതൃത്വത്തിലേക്കുയർന്ന അപൂർവം ചിലർ മാത്രമാണ് വിദേശത്ത് നേരിട്ടുള്ള ഇടപാടുകൾ നടത്തുന്നത്. അല്ലാത്തവർ അധികവും ബിനാമികളെയാണ് ആശ്രയിക്കുന്നത്. ഗൾഫിലെ എല്ലാ രാജ്യങ്ങളിലും ഇത്തരം ബിനാമികളുണ്ട്. കോട്ടും സ്യൂട്ടും ഇട്ട് നെഞ്ച് വിരിച്ച് നടക്കുന്ന പല മുതലാളിമാരുടെയും പിന്നിലെ ശക്തി ഇവരാണ്. ഇത്തരക്കാർ സംഘടനാ നേതൃത്വത്തിന്റെ തലപ്പത്തും ഇടം പിടിക്കും. കാരണം തങ്ങളുടെ മുതലാളിമാർ ഇടക്കിടെ എത്തുമ്പോൾ അവരെ എഴുന്നള്ളിച്ചുകൊണ്ടു നടക്കാനും സ്വീകരണം ഒരുക്കാനും ആളും അർഥവും വേണം. നേതാക്കൾക്കാകട്ടെ, യാതൊരു ചെലവുമില്ലാതെ അണികളെ ഉദ്‌ബോധിപ്പിക്കാനെന്ന മട്ടിൽ എല്ലായിടത്തും നടന്ന് പ്രസംഗിക്കുകയും അതോടൊപ്പം തങ്ങളുടെ ബിസിനസ് കാര്യങ്ങൾ മുറ പോലെ നടത്തുകയും ചെയ്യാം. ഇതിനായി വിവിധ രാജ്യങ്ങളിലെ വിസ നിലനിർത്തുന്ന നേതാക്കളുണ്ട്. ഇതൊന്നും അറിയാതെയും കേൾക്കാതെയും നിത്യവൃത്തിക്കു പോലും വകയില്ലാത്ത അണികൾ സ്വന്തം പോക്കറ്റിലെ കാശ് മുടക്കി നേതാക്കൾക്ക് സ്വീകരണം ഒരുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ പ്രക്രിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് അനുസ്യൂതം തുടരുകയും ചെയ്യും. 
മറ്റൊരു കൂട്ടർ മക്കളെ വിദേശത്തയച്ച് അനധികൃത സമ്പാദ്യത്തിന് മറ പിടിക്കുന്നവരാണ്. മക്കളെ നന്നാക്കുന്നതിന് പറഞ്ഞയക്കുന്നവരുണ്ട്. നേരെ ചൊവ്വേ വന്ന് ജോലി ചെയ്തു ജീവിക്കുന്ന മക്കളും ഇല്ലാതില്ല. പക്ഷേ, അധിക പേരുടേയും പ്രത്യേകിച്ച് മുതിർന്ന നേതാക്കളുടെ കുറഞ്ഞ വിദ്യാഭ്യാസമുള്ള മക്കളാണെങ്കിൽ പോലും ഗൾഫിലെത്തിയാൽ, പ്രത്യേകിച്ച് ദുബായിലെത്തിയാൽ അവർക്ക് ഉയർന്ന പോസ്റ്റ് കിട്ടുക വളരെ പെട്ടെന്നായിരിക്കും. അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ചില മുതലാളിമാർ കാത്തിരിക്കുന്നുമുണ്ടാവും. പിന്നെ നാട്ടിലേക്കൊഴുക്കുന്ന പണത്തിന് കൈയും കണക്കുമുണ്ടാവില്ല. അതോടെ നേതാവിന് തന്റെ വരുമാനത്തിന്റെ ഉറവിടമെന്തെന്ന് പറഞ്ഞു നിൽക്കാനുള്ള വഴി തുറക്കപ്പെടുകയായി. 
എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് മക്കൾ വഴി മാറി സഞ്ചരിക്കുമ്പോഴാണ് നേതാക്കൾ മനസാ വാചാ കർമണാ എന്ന മട്ടിൽ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്. ഇതിന്റെ പേരിൽ കുഴപ്പത്തിലായ നേതാക്കൾ പലരുമുണ്ട്, പാർട്ടികളും ഏറെയാണ്. ഒരു കാലത്ത് കെ. മുരളീധരനെ ഗൾഫിലയച്ചതിന്റെ പേരിൽ കേരളം കണ്ടിട്ടുള്ളതിൽ ശക്തരായ നേതാക്കളിലൊരൊളെന്നു വിശേഷിപ്പിക്കാവുന്ന കെ. കരുണാകരനും കോൺഗ്രസും പുലിവാലു പിടിച്ചിരുന്നു. എന്തായാലും തനിക്കു പറ്റിയ പണിയല്ല ഗൾഫെന്ന് തിരിച്ചറിഞ്ഞ് അധികം വൈകാതെ സ്ഥലം വിട്ടത് കരുണാകരനും മുരളീധരനും രക്ഷയായി. അന്ന് കരുണാകരനും മുരളീധരനുമെതിരെ കൂരമ്പെയ്യുന്നതിൽ മുൻപന്തിയിൽ നിന്ന സി.പി.എമ്മും അതിന്റെ അമരക്കാരനുമായ കോടിയേരി ബാലകൃഷ്ണനും ആണിപ്പോൾ പുലിവാലു പിടിച്ചിട്ടുള്ളത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ,  മധുരിച്ചിട്ട് തുപ്പാനും വയ്യ....എന്ന മട്ടിലാണ് സി.പി.എമ്മിപ്പോൾ. 
13 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് മകൻ ബിനോയ് പെട്ടിട്ടുള്ളത്. മറ്റൊരു മകൻ ബിനീഷ് കോടിയേരിക്കെതിരെയും രണ്ടേ കാൽ ലക്ഷം രൂപയുടെ തട്ടിപ്പു കേസ് ദുബായിലുണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നു. രണ്ടു പേർക്കും ദുബായിൽ നിന്ന് പോരുന്നതിനോ ദുബായിക്ക് പോകുന്നതിനോ കഴിയാത്ത അവസ്ഥ. ചവറയിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി വിജയിച്ച എൻ വിജയൻ പിള്ളയുടെ മകൻ ശ്രീജിത് വിജയനും സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയാണെന്ന് വന്നിരിക്കുന്നു. ഇവർക്കെതിരെ കേസ് നൽകിയ യു.എ.ഇ പൗരൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖിക്ക് തനിക്കു പറയാനുള്ളത് പത്രക്കാരോട് പോലും പറയാൻ കഴിയാതെ കേരളത്തിൽനിന്ന് മടങ്ങേണ്ടി വന്നു. ഇതിനു പുറമേയാണ് മറ്റൊരു സി.പി.എം നേതാവ് ഇ.പി ജയരാജന്റെ മകൻ ജതിൻ രാജും അഞ്ചേകാൽ ലക്ഷം ദിർഹം ലോണെടുത്തിട്ട് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന ആരോപണം നേരിടുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഇതിൽ കൂടുതൽ ഇനി എന്തു വേണം? 
പ്രിയപ്പെട്ട സാഹിബ്, കത്തുമായി വരുന്ന കുട്ടി എന്റെ മോളാണെന്നും അവൾക്ക് രണ്ട് വോയിൽ സാരി കൊടുക്കുക, അൽപം ബുദ്ധിമുട്ടാണെന്നും അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ തരാമെന്നും ജൗളിക്കടക്കാരന് കത്ത് കൊടുത്തയച്ച ഇ.എം.എസും കാൻസർ ബാധിതനായി ജീവിതാന്ത്യം മുഖാമുഖം കണ്ടിട്ടും ധീരനായി രോഗത്തെ നേരിടുമ്പോഴും മുഖത്തെ ദുഃഖ ഭാവത്തെക്കുറിച്ച് ചോദിച്ച ഡോക്ടറോട് മക്കൾക്കാർക്കും ഇതുവരെ ജോലിയൊന്നും ലഭിച്ചില്ലെന്ന സങ്കടമേയുള്ളൂവെന്ന് പറഞ്ഞ ചടയൻ ഗോവിന്ദനും നയിച്ച അതേ പാർട്ടിക്കും നേതാക്കൾക്കുമാണ് ഈ സ്ഥിതി ഉണ്ടായിട്ടുള്ളതെന്നതാണ് ഏറെ ഖേദകരം. അണികളെ ഉപദേശിക്കാനും തെറ്റു ചെയ്താൽ അവർക്കെതിരെ നടപടി എടുക്കാനും കരുത്തുള്ളവർ ആദ്യം അതു നടപ്പാക്കേണ്ടത് അവരവരുടെ കുടുംബങ്ങളിലാണ്.
ഏതു പാർട്ടി നേതാവായിരുന്നാലും അണികളെ വഞ്ചിച്ച് താനും തന്റെ കുടുംബവുമെന്ന നിലപാട് സ്വീകരിക്കുന്നവരെ തിരിച്ചറിയാനും അത്തരക്കാരെ എതിരേറ്റ് കൊണ്ടുനടക്കുന്നത് വിഡ്ഢിത്തമാണെന്ന് തിരിച്ചറിയാനുമുള്ള വിവേകം ഇനിയെങ്കിലും പ്രവാസികൾക്കുണ്ടാവണം.

 

Latest News