Sorry, you need to enable JavaScript to visit this website.

ദളിതർ 'സി. പി. എം സേ ആസാദി'  എന്ന മുദ്രാവാക്യമുയർത്തുമ്പോൾ

രോഹിത് വെമുലയുടെ മരണ ശേഷം ഇന്ത്യയിലെമ്പാടുമുയർന്ന ദളിത് ഉണർവ്വുമായി ബന്ധപ്പെട്ടാണ് ജെ എൻ യു ചെയർമാനായിരുന്ന കനയ്യ കുമാറിലൂടെ 
സംഘ വാദ് സേ ആസാദി, മനുവാദ് സേ ആസാദി, സാമന്ത് വാദ് സേ ആസാദി, ബ്രാഹ്മണ് വാദ് സേ ആസാദി തുടങ്ങിയ വരികൾ പ്രശസ്തമായത്.  തുടർന്ന് കേരളത്തിലടക്കം ഇന്ത്യയിലെമ്പാടും നടന്ന വിവിധ ദളിത് മുന്നേറ്റങ്ങളുടെ മുഖമുദ്രയായി ഈ വരികൾ മാറി. കേരളത്തിലാകട്ടെ പുഷ്പാവതി എന്ന ഗായിക ഈ വരികളുമായി പാടിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദളിത് വിഭാഗങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി ഈ വരികൾ മാറുകയായിരുന്നു.
ഇപ്പോഴിതാ ഈ വരികളോടൊപ്പം മറ്റൊരു വരി കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. സിപിഎം സേ ആസാദി എന്നാണ് ആ വരികൾ. അതുയർന്നത് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വടയമ്പാടിയിലായിരുന്നു. ജാതീയതക്കെതിതിരായ ദളിത് വിഭാഗങ്ങളുടെ ആത്മാഭിമാന കൺവെൻഷനെ സംഘ്പരിവാർ ശക്തികൾക്കു വേണ്ടി കേരള സർക്കാർ തടഞ്ഞപ്പോഴാണ് അംബേദ്കറുടേയും അയ്യങ്കാളിയുടേയും ചിത്രങ്ങളുയർത്തി അവരുടെ പിൻഗാമികൾ ഈ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം ദളിത് ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് സവർണ ഫാസിസ്റ്റുകൾ നടത്തിയ അവഹേനത്തിനും കേരള പോലീസ് കൂട്ടുനിൽക്കുകയായിരുന്നു എന്നതും മുദ്രാവാക്യം വിളിച്ചവർ ഓർത്തിരിക്കാം.
സംഘ്പരിവാർ സേ ആസാദി എന്നു ദളിതർ വിളിക്കുമ്പോൾ സ്വാഭാവികമായും ശരാശരി ഇടതുപക്ഷ മലയാളി കയ്യടിക്കും. സമകാലിക ഇന്ത്യൻ രാഷട്രീയ സാഹചര്യത്തിൽ ആ മുദ്രാവാക്യത്തിന്റെ പ്രസക്തി ഏറെയൊന്നും ചർച്ച ചെയ്യേണ്ടതില്ല. എന്നാൽ 'സി പി എം സേ ആസാദി' എന്ന മുദ്രാവാക്യത്തിനെതിരെ ഇടതുപക്ഷത്തെ ബുദ്ധിജീവികളെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്. അതിനവർ പറയുന്ന കാരണം വളരെ ലളിതമാണ്. സുഡാപ്പികളും മാവോയിസ്റ്റുകളുമാണ് ഇതിനു പിറകിൽ. അതായത് ദളിതുകൾക്ക് ഇതൊന്നും പറയാനുള്ള വിവരമില്ല എന്നു തന്നെ. ഈ വാചകം പറയുന്നതിൽ സംഘികളും കമ്യൂണിസ്റ്റുകാരും തമ്മിൽ മത്സരിക്കുകയാണ് എന്നതാണ് കൗതുകം. തങ്ങളാണ് ഇരുകൂട്ടരേയും എതിർക്കുന്നതിൽ മുൻനിരയിൽ എന്നു സ്ഥാപിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം.
അവർണർക്ക് പ്രവേശനമില്ലാതിരുന്ന തെരുവുകളിലൂടെ തലപ്പാവും വില്ലുവണ്ടിയുമായി കടന്നു വന്ന അയ്യങ്കാളിയുടെ പിൻഗാമികളായിരുന്നു വടയമ്പാടിയിലുയർന്ന ജാതിമതിൽ തകർത്തെറിഞ്ഞത്. ഇതാകട്ടെ, കേരളത്തിലെ ആദ്യത്തെ ജാതി മതിലൊന്നുമല്ല എന്നത് യാഥാർത്ഥ്യം. പേരാമ്പ്രയിലും ഗോവിന്ദാപുരത്തുമൊക്കെ അടുത്തയിടെ നാമത് കണ്ടതാണ്. എന്നാൽ ഇവയൊന്നും ജാതി മതിലായി കാണാൻ ഇടതുപക്ഷം തയ്യാറല്ല. അവർക്കത് കേവലം പട്ടയ പ്രശ്‌നമോ പൊതുവിദ്യാഭ്യാസത്തിന്റെ പ്രശ്‌നമോ ആണ്. 
വടയമ്പാടിയിൽ ഉയർന്ന ദളിത് രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രകടനം നടത്തിയ സിപിഎം പ്രഖ്യാപിച്ചത് ഇതൊരു സാധാരണ പട്ടയ തർക്കമാണെന്നായിരുന്നു. പിന്നെ എല്ലാ ജനകീയ സമരങ്ങളേയും ആക്ഷേപിക്കുന്ന പോലെ തീവ്രവാദി - മാവോയിസ്റ്റുകൾ കുത്തിപ്പൊക്കുന്നതാണെന്നും. ഇതു പറഞ്ഞതിനു രണ്ടു ദിവസം കഴിഞ്ഞാണ് ദളിത് ആത്മാഭിമാന കൺവെൻഷനെത്തിയവരെ കേരള പോലീസ് നേരിട്ടതും അതിനെതിരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും ആക്രമിക്കുകയും ചെയ്തവരെ സംരക്ഷിച്ചതും. അതിനും രണ്ടു ദിവസം മുമ്പാണ് അശാന്തന്റെ മൃതദേഹത്തെ നിയമ വിരുദ്ധമായി അവഹേളിച്ചതിനും പോലീസ് കൂട്ടുനിന്നത്. എന്തിനേറെ, വടയമ്പാടിയിലെ ജാതിമതിലിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘപരിവാർ അക്രമം നേരിടേണ്ടിവന്ന കവി കുരീപ്പുഴ ശ്രീകുമാറിനു പിന്തുണ പ്രഖ്യാപിച്ച് പരിപാടികൾ നടത്തുമ്പോൾ തന്നെയാണ് ജാതിമതിലിനെതിരെ പ്രതികരിച്ച മടപ്പിള്ളി കോളേജിലെ വിദ്യാർത്ഥികളെ എസ് എഫ് ഐക്കാർ മർദ്ദിച്ചത്. വിനായകനടക്കം സമീപകാല ദളിത് രക്തസാക്ഷികളേയും മറക്കുന്നില്ല.
എന്താണ് ദളിത് - ആദിവാസി ഉണർവ്വുകളോട് സിപിഎം സ്വീകരിക്കുന്ന നിലപാട് എന്നതിനു ചരിത്രം സൃഷ്ടിച്ച രണ്ടു സമീപകാല പോരാട്ടങ്ങൾ മറുപടി പറയും. ഒന്ന് കേരളത്തിലെ ആദിവാസികളെ ദൃശ്യരാക്കിയ മുത്തങ്ങ തന്നെ. മുത്തങ്ങയിൽ കുടിൽ കെട്ടിയ ആദിവാസികളെ പുറത്താക്കാനാവശ്യപ്പെട്ട് സി പി എം നേതൃത്വത്തിൽ നടന്ന ഹർത്താലായിരുന്നു അവർക്കെതിരെ വെടിയുതിർക്കാൻ ആന്റണി സർക്കാരിനു ഊർജം നൽകിയത്. മുത്തങ്ങ സമരത്തിൽ     പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന സിപിഎം വാഗ്ദാനം രണ്ടു തവണ ഭരണം ലഭിച്ചിട്ടും പാലിച്ചില്ല എന്നു മാത്രമല്ല ആദിവാസി മുന്നേറ്റങ്ങൾക്കു തടയിടാൻ ആദിവാസി ക്ഷേമ സമിതിക്കു രൂപം കൊടുക്കുകയാണവർ ചെയ്തത്. ഐതിഹാസികനെന്നു വിശേഷിപ്പിക്കാവുന്ന ചെങ്ങറ ഭൂസമരത്തെ തകർക്കാൻ കഴിഞ്ഞ 10 വർഷമായി ശ്രമിക്കുന്നതിൽ മുന്നിലും മറ്റാരുമല്ല. ആദിവാസി ക്ഷേമ സമിതിയെ പോലെ പട്ടികജാതി ക്ഷേമ സമിതിക്കും സിപി എം രൂപം നൽകി. ഉപരോധമടക്കം 
ഏർപ്പെടുത്തിയിട്ടും ഇപ്പോഴും ചെങ്ങറയിൽ സമരം തുടരുകയാണ്. കേരളത്തിലെ ഏതു ദളിത് - ആദിവാസി സമരത്തേയും തകർക്കാൻ മുൻനിരയിലുള്ളത് സി പി എം തന്നെയാണെന്നത് പച്ചയായ യാഥാർത്ഥ്യം മാത്രം.
ഇനി ഭരണം കിട്ടുമ്പോൾ സി പി എം ചെയ്യുന്നത്? ഇപ്പോൾ തന്നെ നോക്കാം. കൊട്ടിഘോഷിക്കപ്പെടുന്ന സർക്കാരിന്റെ െൈലഫ് പദ്ധതി തന്നെ. കേരളത്തിലെ ഭൂരഹിതരിൽ ഭൂരിഭാഗവും ദളിതരാണെന്ന് ആർക്കുമറിയാം. ഇടതുപക്ഷത്തിന്റെ തന്നെ മുൻകൈയിൽ നടന്ന ഭൂപരിഷ്‌കരണം അവരോട് എന്താണ് ചെയ്തതെന്നും ഇന്ന് എല്ലാവർക്കുമറിയാം. ബഹുഭൂരിഭഗവും ഒതുക്കപ്പെട്ടത് മൂന്നും നാലും സെൻുകളിൽ. ഈ സാഹചര്യത്തിലാണ് ദളിതർക്ക് ഭൂമി എന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ് അവർക്കായി കോഴിക്കൂട് പോലുള്ള ഫഌറ്റുകൾ നിർമ്മിക്കുന്നത്. അവർക്കു നൽകാൻ ഭൂമിയില്ല എന്ന വാദത്തെ സർക്കാരിന്റെ തന്നെ രാജമാണിക്യം കമ്മീഷനടക്കമുള്ളവർ പൊളിച്ചടക്കിയിട്ടുള്ളതാണ്. ഇതിന്റെ മറുവശമാണ് സംവരണത്തോടുള്ള നിലപാടും. 
ദളിതരുടെ ആത്മാഭിമാനത്തിന്റെ പ്രതീകവും അവകാശവുമായ സംവരണത്തിനു നേരെ കത്തിയെടുക്കാൻ സംഘപരിവാർ പോലും മടിക്കുമ്പോഴാണ് പിണറായി സർക്കാർ അതിനു തയ്യാറാകുന്നത്. സാമ്പത്തിക സംവരണത്തെ ആദ്യമായി അനുകൂലിച്ച നമ്പൂതിരിപ്പാടിന്റെ പിൻഗാമികൾ തന്നെയാണ് തങ്ങളെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 
സംവരണത്തെ തങ്ങളുടെ വർഗവാദ - സാമ്പത്തിക വാദ രാഷ്ട്രീയത്തിൽ ഒതുക്കുന്ന സിപിഎം ഇനിയും സാമൂഹ്യ നീതിയെ കുറിച്ച് മനസ്സിലാക്കുന്നില്ല. ഇക്കാരണം പറഞ്ഞായിരുന്നു രോഹിത് വെമുല എസ് എഫ് ഐ വിട്ടതെന്നും ഇവർ സൗകര്യപൂർവ്വം മറന്നു. എന്തിനേറെ, കേരളത്തിലെ എയ്ഡഡ് മേഖലയിലെ 2 ലക്ഷത്തിൽ 20,000 തൊഴിലവസരങ്ങൾ ദളിതർക്കവകാശപ്പെട്ടതാണെന്ന വസ്തുതക്കു നേരെ പോലും വലതുപക്ഷത്തെ പോലെ ഇടതുപക്ഷവും കണ്ണടക്കുന്നു. ഇതെല്ലാം ഉന്നയിക്കുമ്പോൾ ആനയേയും പുലിയേയും താരതമ്യം ചെയ്യുന്ന പോലെ മറ്റു സംസ്ഥാനങ്ങളുമായി അശാസ്ത്രീയമായ താരതമ്യം നടത്തുകയാണ് ന്യായീകരണത്തൊഴിലാളികൾ ചെയ്യുന്നത്. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന ദളിത് മുന്നേറ്റങ്ങളെ കാണാനും മടിക്കുന്നു. അംബേദ്കറെ ഇപ്പോഴും തടയുന്നു. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയുടെ വിജയത്തിനു വേണ്ടിപോലും പ്രവർത്തിച്ചില്ല എന്നതിൽ നിന്നു തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയത്തിന്റെ കാപട്യം വ്യക്തമാകും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെടുക്കേണ്ട രാഷ്ട്രീയ നിലപാടു പോലും തർക്കത്തിലാണല്ലോ. 
സമകാലികമായ ഈ വിഷയങ്ങൾ മാത്രമല്ല സി പി എം സേ ആസാദി എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത്. ഒരു രാജ്യം പോലുമല്ലാതിരുന്ന കാലത്ത് ഇന്ത്യയിലെ മറ്റു മിക്ക പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുണ്ടായ സാമൂഹിക - നവോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തിന്റെ സവിശേഷത എന്നത് വ്യക്തമാണല്ലോ. ആ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തത്. പിന്നീട് സംഭവിച്ചതാണ് ഏറ്റവും രസകരമായ വസ്തുത. ആ മുന്നേറ്റങ്ങളെല്ലാം തങ്ങളുടേതാണെന്നു ഒരു വശത്ത് അവകാശപ്പെടുകയും മറുവശത്ത് ഇടതുപക്ഷമായാൽ പുരോഗമനമായി, ജാതിരഹിതനായി എന്ന സങ്കൽപം തന്ത്രപരമായി അടിച്ചേൽപിക്കുകയും അംബേദ്കറെ കേരളീയ സമൂഹത്തിനു മുന്നിൽ അദൃശ്യനാക്കുകയുമാണ് ഇവർ ചെയ്തത്. ആ മിഥ്യാ ധാരണ ദശകങ്ങളോളം നിലനിർത്താൻ അവർക്കു കഴിഞ്ഞു. അടുത്തയിടെയാണ് ഈ ധാരണയുടെ കാപട്യം പടിപടിയായി പുറത്തു വരുന്നതും അംബേദ്കർ കൂടുതൽ കൂടുതൽ ദൃശ്യനാകുന്നതും. അഖിലേന്ത്യാ തലത്തിൽ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയം തങ്ങളോട് ചെയ്യുന്നത് തന്നെയാണ് കേരളത്തിലെ സി പി എമ്മിന്റെ വർഗ രാഷ്ട്രീയവും ചെയ്യുന്നതെന്ന് ദളിതർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. 
അതിന്റെ പ്രതിഫലനമാണ് സംഘപരിവാർ സേ ആസാദി എന്നതിനോടൊപ്പം സിപിഎം സേ ആസാദി എന്ന മുദ്രാവാക്യവുമുയരുന്നത്. കേരള രാഷ്ട്രീയത്തിലും വരാൻ പോകുന്ന ചലനങ്ങളുടെ മുന്നോടിയാണ് ഈ മുദ്രാവാക്യവും എന്നതു തിരിച്ചറിയുകയാണ് രാഷ്ട്രീയ വിവേകമുള്ളവർ ചെയ്യേണ്ടത്. 


 

Latest News