10 ലക്ഷം വരെയുള്ള ചികിത്സ സൗജന്യം, യു.പിയില്‍ പ്രിയങ്കയുടെ വാഗ്ദാനം


ലഖ്നൗ- യു.പിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷംരൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വാഗ്ദാനം നല്‍കിയത്.

കോവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സര്‍ക്കാരിന്റെ അലംഭാവവും അവഗണനയും ആണ് ഇതിന്റെ പിന്നില്‍. യു.പിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും' - പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

നേരത്തെ ബരാബങ്കിയില്‍നിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക ജനങ്ങള്‍ക്ക് ഏഴ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 20 ലക്ഷം യുവാക്കള്‍ക്കും തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് പ്രിയങ്ക നല്‍കിയത്.

 

Latest News