ന്യൂദൽഹി- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി. കോടതിയുടെ സമയം കളയരുതെന്നും ഇവിടെ ചർച്ച ചെയ്യുന്നതിനു പകരം അവിടെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെട്ട കോടതി, എല്ലാവരും ഗൗരവത്തോടെയും ആത്മാർഥമായും പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. ഇതു ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണ്. ഏതെങ്കിലും ഒരു കക്ഷിയുടെ നിഷ്‌ക്രിയത്വം കൊണ്ടാണ് ഞങ്ങൾക്ക് ഇടപെടേണ്ടി വരുന്നതെന്നും ജസ്റ്റിസ് എൻ.വി.ഖൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2018ലെ പ്രളയസമയത്ത് ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടിയ കേരളം, സമാന ഉത്തരവ് വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ എതിർത്ത തമിഴ്‌നാട്, 2006, 2014 വർഷങ്ങളിലെ സുപ്രീം കോടതി വിധി അനുസരിച്ച് 142 അടി വരെ ജലനിരപ്പ് ആകാമെന്ന വാദമാണ് മുന്നോട്ട് വെച്ചത്. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.