റിക്ഷാ വലിക്കാരന് മൂന്ന് കോടി രൂപയുടെ നികുതി നോട്ടിസ്; പരാതിയുമായി പോലീസ് സ്റ്റേഷനില്‍

മഥുര- യുപിയിലെ മഥുരയില്‍ ബകല്‍പൂരില്‍ റിക്ഷ വലിച്ച് ഉപജീവനം നടത്തുന്ന ഒരു റിക്ഷാ വലിക്കാരന് ആദായ നികുതി മൂന്ന് കോടി രൂപയുടെ നോട്ടീസ് നല്‍കി. ഈ തുക അടക്കണമെന്നാണ് ആദായ നികുതി വകുപ്പ് റിക്ഷാ വലിക്കാരനായ പ്രതാപ് സിങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ പ്രതാപ് പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടു. താന്‍ തട്ടിപ്പിനിരയായി എന്നാണ് പ്രതാപ് പറയുന്നത്. പാന്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് ബകല്‍പൂരിലെ ജന്‍ സുവിധാ കേന്ദ്രയില്‍ പാന്‍ കാര്‍ഡിന് അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ബകല്‍പൂര്‍ സ്വദേശിയായ സഞ്ജയ് സിങ് എന്നയാള്‍ തനിക്ക് പാന്‍ കാര്‍ഡിന്റെ കളര്‍ ഫോട്ടോ കോപ്പി നല്‍കിയതായും അറിവില്ലാത്തതിനാല്‍ ഇത് ഒറിജിനലാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പ്രതാപ് പറഞ്ഞു. മൂന്ന് മാസം കുറെ ഓടിയ ശേഷമാണ് പാന്‍ കാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. 

ഒക്ടോബര്‍ 19നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ച് വിവരം അറിയിച്ചത്. പിന്നാലെ 3.47 കോടി രൂപ നികുതി അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസും ലഭിച്ചെന്ന് പ്രതാപ് പറഞ്ഞു. തന്റെ പേരില്‍ മറ്റൊരാള്‍ ജിഎസ്ടി നമ്പര്‍ എടുത്ത് കോടികളുടെ ബിസിനസ് നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും പ്രതാപ് പറയുന്നു.
 

Latest News