സാംതയില്‍ ഹോട്ടല്‍ ജോലിക്കാരന്‍ മലയാളി മുറിയില്‍  മരിച്ച നിലയില്‍  

ജിസാന്‍- ജിസാനിലെ  സാംത യിലെ അല്‍ ദാനാ ഫിഷ് ഹോട്ടല്‍  ജീവനക്കാരന്‍ കൊണ്ടോട്ടി മുണ്ടമ്പലം  സ്വദേശി   സിദ്ദീഖ് കൊടവണ്ടി(49) താമസസ്ഥലത്ത് മരണപ്പെട്ടു. വൈകുന്നേരം ഷോപ്പില്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹ ജോലിക്കാരന്‍ റൂമില്‍ ചെന്നപ്പോള്‍ മരണപ്പെട്ടതായി കാണപ്പെടുകയായിരുന്നു.  ഉടനെ പോലീസെത്തി മൃതദേഹം സാംത ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൊണ്ടോട്ടി മുണ്ടമ്പലം കൊടവണ്ടി മമ്മദ് ആയമ്മ ദമ്പതികയുടെ പുത്രനാണ്.
ഭാര്യ: അസ്മാബി ഏറാട്ടു തൊടി.മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം നാല് മക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് ജിദ്ദയിലെ  എയര്‍പോര്‍ട്ടിലെ ബന്ധുവിന്റെ  ബക്കാലയിലേക്കാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് പ്രതിസന്ധി കാരണം കൃത്യമായ ജോലിയില്ലാതെ കഴിയുകയായിരുന്ന സിദ്ദീഖിനെ  മറ്റൊരു ബന്ധു ജോലി ചെയ്തിരുന്ന ജിസാനിലെ സാംതയിലുള്ള മീന്‍ കടയില്‍ എത്തിയിട്ട് പത്തു ദിവസം മാത്രമെ ആയുള്ളൂ.  പോലീസ് താമസ സ്ഥലത്തെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം സാംത ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സാംത യില്‍ മറവു ചെയ്യും.  ബന്ധുവായ നജ്മുദ്ധീന്‍ മുതുവല്ലൂരിന് സഹായകമായി ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, സാംത കെ എം സി സി പ്രസിഡന്റ് മുനീര്‍ ഹുദവി നിസാര്‍ ശൂരനാട് (ഒഐസിസി) എന്നവര്‍ രംഗത്തുണ്ട്. സിദ്ദീഖിന്റെ ഭാര്യാ സഹോദരപുത്രന്‍ ഷാഹുല്‍ ഹമീദ് ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് തിരിച്ചിട്ടുണ്ട്.

Latest News