കശ്മിരില്‍ കുടുങ്ങിയവരില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും

കോഴിക്കോട്- കശ്മിരിലെ ദ്രാസില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരില്‍ മലയാളി മാധ്യമപ്രര്‍ത്തകനും. സുപ്രഭാതം ചീഫ് സബ് എഡിറ്ററും കോഴിക്കോട് സ്വദേശിയുമായ മനു റഹ്മാനാണ് കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍ ലേ ഹൈവേയിലെ ദ്രാസില്‍ കുടുങ്ങിയത്. പിന്നീട് സൈനികരെത്തി മനുവിനെയും ഒപ്പമുള്ളവരെയും 240 കിലോമീറ്റര്‍ ദൂരെയുള്ള കാര്‍ഗിലിലേക്ക് കൊണ്ടുപോയി. മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
വെളളിയാഴ്ച രാത്രിയാണ് മനുവും സംഘവും ദ്രാസില്‍ എത്തിയത്. ശനിയാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ഇതോടെ യാത്രക്കാരെല്ലാം വാഹനങ്ങളില്‍ കുടുങ്ങി. ലേ പോലിസ് സ്‌റ്റേഷന് തൊട്ടടുത്തെ പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ  മുറിയിലേക്ക് ഇവരെ മാറ്റിയെങ്കിലും കനത്ത തണുപ്പും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും വൈദ്യുതിയില്ലാത്തതും മൊബൈല്‍ ഫോണില്‍ ചാര്‍ജില്ലാത്തതും ദുരിതമേറ്റി.   തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ഇവരെ കാര്‍ഗിലിലേക്ക് മാറ്റിയത്. പ്രസ് ഭാരവാഹികള്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അവര്‍ എം.കെ രാഘവന്‍ എം.പിയെയും  ജനപ്രതിനിധികളെയും അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംഘത്തിലുള്ളവരുമായി സംസാരിച്ചെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ലേ കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

Latest News