Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്താൻ മുന്നിലുണ്ടാകുമെന്ന് സോണിയ

ന്യൂദൽഹി- പാർട്ടി പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിൽ ബി.ജെ.പിക്കെതിരെ മറ്റു പ്രതിപക്ഷ പാർട്ടികളെ അണിനിരത്തുന്നതിൽ താൻ മുന്നിലുണ്ടാകുമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. 'കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ എന്ന നിലയിൽ സമാന മനസ്‌കരേയും രാഷ്ട്രീയ പാർട്ടികളേയും ബി.ജെ.പിക്കെതിരെ അണിനിരത്തുന്നതിൽ കോൺഗ്രസ് അധ്യക്ഷനൊപ്പം ഞാനും പ്രവർത്തിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുകയും ഇന്ത്യയെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിലന്റേയും സഹിഷ്ണുതയുടേയും സാമ്പത്തിക വളർച്ചയുടേയും പാതയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുമുണ്ട്,'  പാർലമെന്റിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെ സോണിയ പറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണം രാജ്യത്തെല്ലായിടത്തും ഭയത്തിന്റേയും ഭീഷണിയുടേയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും  സ്വതന്ത്ര, മതേതര, ജനാധിപത്യ പാരമ്പര്യങ്ങൾ കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുകയാണെന്നും നമ്മുടെ ബഹുസ്വരത എന്ന ശക്തിയെ ഇല്ലാതാക്കായിരിക്കുന്നെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറകളായ സ്ഥാപനങ്ങൾ പാർലമെന്റ്, കോടതികൾ, മാധ്യമങ്ങൾ, പൗര സമൂഹം എല്ലാം അതിക്രമങ്ങൾക്കിരയായെന്നും അവർ പറഞ്ഞു. 

പുതുതായി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത രാഹുൽ ഗാന്ധി തന്റേയും ബോസാണെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും യോഗത്തിൽ സോണിയ വ്യക്തമാക്കി. 'എന്നോടൊപ്പം പ്രവർത്തിക്കുമ്പോൾ കാണിച്ച പ്രതിബദ്ധതയും ഊർജ്ജസ്വലതയും വിശ്വാസവും രാഹുലിനോടും നിങ്ങൾ കാണിക്കുമെന്ന് എനിക്കറിയാം,' അവർ പറഞ്ഞു.
 

Latest News