Sorry, you need to enable JavaScript to visit this website.

കേരള സംഗീത നാടക അക്കാദമിയില്‍ വീണ്ടും നാടകക്കാലം

തൃശൂര്‍ - ആളും ആരവവുമില്ലാതെ കോവിഡ് മഹാമാരിയുടെ നിബന്ധനകളാല്‍  ഒഴിഞ്ഞു കിടന്ന കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്റര്‍ കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിങ്കള്‍ രാവിലെ  9.30ന് അക്കാദമിയില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത  ഉദ്ഘാടനം ചെയ്യും. വൈസ്ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും.
പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി അക്കാദമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍  സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പ്രമുഖ നാടകകൃത്ത് പി.വി.കെ പനയാലിന് നല്‍കി പ്രകാശനം ചെയ്യും. അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, ഫ്രാന്‍സിസ്.ടി.മാവേലിക്കര, അഡ്വ.  വി.ഡി.പ്രേമപ്രസാദ് എന്നിവരും പരിപാടിയില്‍ സംബന്ധിക്കും.
പൂര്‍ണമായും സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കിയാണ് തിയറ്റര്‍ നാടകമത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് അക്കാദമി പാസ് അനുവദിച്ചിട്ടുള്ളത്. ഇവര്‍ക്ക് മാത്രമാകും നാടകം കാണാന്‍ പ്രവേശനം.
തിയറ്ററിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്, കാണികളുടെ ശരീരോഷ്മാവ് പരിശോധിച്ച്, പനിയില്ലെന്ന് ഉറപ്പുവരുത്തും. കാണികളുടെ പാസ് പരിശോധിക്കുമ്പോള്‍ തന്നെ,  രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്കൂടി പരിശോധിച്ച് ഉറപ്പു വരുത്തും. രോഗ വ്യാപനത്തില്‍നിന്നു പൂര്‍ണമായും  പൂറത്തുകടക്കാത്തതിനാല്‍, ആരോഗ്യ സുരക്ഷക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രൊഫഷണല്‍ നാടകമത്സരത്തിന്റെ ഭാഗമായി രാവിലെ പത്തിന് കൊച്ചിന്‍ ചന്ദ്രകാന്തത്തിന്റെ അന്നവും വൈകീട്ട് അഞ്ചിന് കാളിദാസകലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും.  29 വരെ നടക്കുന്ന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ട് വീതം നാടകങ്ങളാണ് അരങ്ങേറുന്നത്.

 

 

Latest News