ഇടതു പാർട്ടികളുടെ ബന്ദിൽ ആന്ധ്ര സ്തംഭിച്ചു

അമരാവതി- കേന്ദ്ര ബജറ്റിൽ ആന്ധ്ര പ്രദേശിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ, സി.പി.എം അടക്കമുള്ള ഇടതു പാർട്ടികൾ പ്രഖ്യാപിച്ച ബന്ദിൽ സംസ്ഥാനം സ്തംഭിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളും തൊഴിലാളി യൂണിയനുകളും കോൺഗ്രസും വൈഎസ്ആർ കോൺഗ്രസും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകൾക്കും കോളെജുകൾക്കും അവധി നൽകിയിരിക്കുകയാണ്. ആന്ധ്ര ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 1,300ലേറെ ബസുകൾ വിശാഖപട്ടണത്ത് തടഞ്ഞിട്ടിരിക്കുകയാണ്. ക്രമസമാധാനം സംരക്ഷിക്കാനായി ജാഗ്രത പാലിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.

അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗം കൂടിയായ ഭരണകക്ഷി ടിഡിപി പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ ടിഡിപി എംപിമാർ പാർലമെന്റിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. കേന്ദ്രത്തിൽ നിന്നും അനുകൂല പ്രഖ്യാപനം വരുന്നത് വരെ പാർലമെന്റിൽ പ്രതിഷേധം തുടരാനാണ് ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡു പാർട്ടി എംപിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. 

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തരുതെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിമാരായ രാജ്‌നാഥ് സിങും അനന്ത് കുമാറും നായിഡുവിനെ നേരിട്ട് വിളിച്ചിരുന്നെങ്കിലും പ്രതിഷേധം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
 

Latest News