Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് നടപടികള്‍ അനിശ്ചിതത്വത്തില്‍

കൊണ്ടോട്ടി- കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നടപടികള്‍ അനിശ്ചിതത്വത്തില്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അനുമതി നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സെപ്റ്റംബര്‍ 11 ന് അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാനമന്ത്രാലയം പുറത്തുവിട്ടിരുന്നു. വിമാന പൈലറ്റിന്റെ വീഴ്ചയാണ്   അപകടകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെയാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് വിമാന അപകട അന്വേഷണ റിപ്പോര്‍ട്ടിലെ 43 ശുപാര്‍ശകള്‍ പഠിച്ച് 60 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിച്ചത്. എന്നാല്‍ സമിതി ഒരുമാസമായിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിട്ടില്ല.
 വ്യോമസേന മുന്‍ മേധാവി ഫാലിഹോമി മേജര്‍, ഡി.ജി.സി.എ, എ.എ.ഐ.ബി, വിമാനത്താവള അതോറിറ്റി, കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞന്‍,വ്യോമയാന മേഖലയിലെ വിദഗ്ധരായ അരുണ്‍ റാവു, വിനീത് ഗുലാതി എന്നിവരാണ് അംഗങ്ങള്‍. കരിപ്പൂരില്‍ നിന്നു വലിയ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഡി.ജി.സി.എക്ക് സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിലും അനുമതി നല്‍കിയിട്ടില്ല.
കരിപ്പൂരില്‍ വലിയ വിമാന സര്‍വ്വീസുകളില്ലാതെ കരിപ്പൂരില്‍ വിമാന കമ്പനികളുടെ ശൈത്യകാല ഷെഡ്യൂള്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും. 2022 മാര്‍ച്ച് 31 വരെയുള്ള വിമാനങ്ങളുടെ പുതിയ സമയ ഷെഡ്യൂളാണ് വിമാന കമ്പനികള്‍ പുറത്തിറക്കിയത്.

 

   

 

 

 

 

 

                       
             

 

 

Latest News