Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാട് പണിയട്ടെ, മലയാളികള്‍ക്ക് സുഖമായുറങ്ങാം... ആശങ്ക പങ്കുവെച്ച് സിനിമാ മേഖല

കൊച്ചി- തുലാവര്‍ഷം കനത്തു പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയുമായി സിനിമാ ലോകം. ജലവിതാനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപകമായ ആശങ്ക ഉയര്‍ന്നു കൊണ്ടിരിക്കെ പ്രമുഖ താരങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവുമായി ക്യാംപെയിനിന് തുടക്കം കുറിച്ചു.
120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലെ പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ: 'വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമാ് വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് ഭരണസംവിധാനത്തെ വിശ്വസിക്കാന്‍ മാത്രമേ കഴിയൂ, അവര്‍ ശരിയായ തീരുമാനം എടുക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.'
ഡാം പൊട്ടിയാല്‍ മരിക്കാന്‍ സാധ്യതയുള്ളവര്‍ ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്നും അതില്‍ അധികൃതരുടെ പേരുകള്‍ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.
മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കേണ്ടതാണെന്നും എന്നാല്‍ നിര്‍മാണ ചുമതല തമിഴ്നാടിനെ ഏല്‍പ്പിക്കണമെന്നും നടന്‍ ഹരീഷ് പേരടി പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പാലാരിവട്ടം പാലം തുടങ്ങിയ പദ്ധതികള്‍ പോലെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. തമിഴ്നാടിനെ പദ്ധതി ഏല്‍പ്പിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സുഖമായി ഉറങ്ങാമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കില്‍ ഹരീഷ് പേരടി എഴുതിയത് ഇങ്ങനെ: '2019-ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ ലൈറ്റില്‍ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്. തമിഴ്‌നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം. അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും.'

 

 

 

 

Latest News