Sorry, you need to enable JavaScript to visit this website.

ജയിലിലിരുന്നും കസ്റ്റഡിയിലും മോന്‍സന്‍ തെളിവു നശിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

കൊച്ചി- ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരിക്കെ മോന്‍സണ്‍ മാവുങ്കല്‍ സുപ്രധാന തെളിവുകള്‍ നശിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ജയിലില്‍നിന്ന് സഹായികള്‍ക്ക് ഫോണ്‍ ചെയ്യാനും തെളിവുനശിപ്പിക്കാനും ഇയാള്‍ക്ക് സഹായം ലഭിച്ചെന്നും തെളിവു നശിപ്പിക്കലിന് നേതൃത്വം നല്‍കിയ ഇയാളുടെ സഹായികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി.
മോന്‍സന്റെ കലൂരിലെ വീട്ടിലും തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തിലും സ്ഥാപിച്ചിരുന്ന രഹസ്യക്യാമറകളിലെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിക്കപ്പെട്ടതായാണ് സൂചന. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചു കളയാന്‍ മോന്‍സന്‍ തന്നോട് പറഞ്ഞെന്നും ഇതനുസരിച്ച് പെന്‍ഡ്രൈവ് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചെന്നും ഇയാളുടെ മാനേജറായിരുന്ന ജിഷ്ണു പറഞ്ഞു. മോന്‍സന്റെ മുറിയില്‍ ട്യൂബ് ലൈറ്റിന് മുകളിലാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്. ഇതില്‍ വളരെ പ്രധാനപ്പെട്ട  വിവരങ്ങളൊന്നും ഇല്ലെങ്കിലും കത്തിച്ചു നശിപ്പിക്കാനായിരുന്നു മോന്‍സന്റെ നിര്‍ദേശം. ഐഫോണില്‍ ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് ആയതിനാല്‍ പെന്‍ഡ്രൈവില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും ജിഷ്ണു വ്യക്തമാക്കി.
മോന്‍സന്റെ നിര്‍ദേശ പ്രകാരം അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുള്ള ചിലരെ കണ്ട് സംസാരിച്ചതായും ജിഷ്ണു വെളിപ്പെടുത്തി. കേസിലെ ചില സാക്ഷികളെ സ്വാധീനിച്ചതിന്റെ വിവരങ്ങളും ജിഷ്ണു വെളിപ്പെടുത്തിയിട്ടുണ്ട്. മോന്‍സന്റെ നിര്‍ദേശ പ്രകാരം കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ എന്ന തട്ടിപ്പു കമ്പനിയുടെ പങ്കാളികളായി മോന്‍സണ്‍ അവതരിപ്പിച്ചിരുന്ന ഐപ്പ് കോശിയുമായി സംസാരിച്ചതായും പരാതിയുമായി വരരുതെന്ന് ആവശ്യപ്പെട്ടതായുമാണ് വെളിപ്പെടുത്തല്‍. പരാതിയുമായി തങ്ങളാരും വരില്ലെന്ന് ഐപ്പ് കോശി പറഞ്ഞതായും ജിഷ്ണു പറയുന്നു.
മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്നും ജിഷ്ണു വെളിപ്പെടുത്തി.

 

Latest News